‘എടാ മോനേ... ഖത്തർ എയർവേസ് പറഞ്ഞാൽ പറഞ്ഞതാ...’
text_fieldsദോഹ: പറഞ്ഞ സമയത്തോ അതിന് മുമ്പോ പുറപ്പെടുക... കൃത്യസമയത്ത് എത്തിച്ചേരുക... ഇന്ത്യൻ വിമാന കമ്പനികളുടെ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവർക്ക് ഇത് ലോട്ടറി അടിക്കുംപോലൊരു ഭാഗ്യമാണെങ്കിൽ ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർലൈൻസ് പറഞ്ഞാൽ പറഞ്ഞ സമയം തന്നെയാണ്. ആഗോളതലത്തിൽതന്നെ ഏറ്റവും കൃത്യനിഷ്ഠയോടെ പറക്കുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുന്ന വിമാനങ്ങളുടെ ഇടയിലാണ് ഖത്തർ എയർവേസിന്റെ സ്ഥാനമെന്ന് പുതിയ റിപ്പോർട്ടുകൾ.
ഏവിയേഷൻ അനലിറ്റിക്സ് കമ്പനിയായ ‘സിറിയം’ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സമയബന്ധിതമായി സർവിസ് നടത്തിയ വിമാനക്കമ്പനികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഖത്തർ എയർവേസ്. കൃത്യസമയത്ത് പുറപ്പെടുന്നതിൽ 84.07 ശതമാനവും എത്തിച്ചേരുന്നതിൽ 86.4 ശതമാനവുമാണ് ഖത്തർ എയർവേസിന്റെ പ്രകടനം.
ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതോ പുറപ്പെടുന്നതോ ആണ് ഓൺ-ടൈം എന്ന് നിർവചിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനത്ത് കൊളംബിയൻ വിമാന കമ്പനിയായ എസ്.എ അവിയാൻകയും, രണ്ടാം സ്ഥാനത്ത് ബ്രസീൽ എയർലൈൻസായ അസുൽ ബ്രസീലിയനുമാണുള്ളത്.
ലോകത്തെ ഏറ്റവും മികച്ച എയർലൈൻസായും ബിസിനസ് ക്ലാസ്, ബിസിനസ് ലോഞ്ച് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ ഖത്തർ എയർവേസിനെ തേടിയെത്തുന്ന മറ്റൊരു ശ്രദ്ധേയ നേട്ടമാണ് കൃത്യനിഷ്ഠയും. നേരത്തേയും സിറിയം റാങ്കിങ്ങിൽ മികച്ച ഓൺ ടൈം പ്രകടനവുമായി ഖത്തർ എയർവേസ് ശ്രദ്ധേയമായിരുന്നു.
ദോഹ ഹമദ് വിമാനത്താവളം ഹബാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 170 നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസിന് മികച്ച നേട്ടമാണ് ഈ ഓൺ ടൈം പ്രകടനം. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തർ എയർവേസ് വഴി യാത്ര ചെയ്തത്. ഒരു വർഷത്തിനിടെ 170 കേന്ദ്രങ്ങളിലേക്കായി 1,94,000ത്തിലധികം വിമാന സർവിസുകളും നടത്തിയതായി കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഹമദിനുമുണ്ട് ‘ഓൺ ടൈം’ പ്രകടനത്തിൽ മികച്ച മാർക്ക്. സമയബന്ധിതമായി വിമാനങ്ങൾ പുറപ്പെടുകയും എത്തുകയും ചെയ്യുന്നവരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഹമദ്. പുറപ്പെടൽ സമയനിഷ്ഠ 82.04 ശതമാനമാണ്. 2.23 ലക്ഷം വിമാനങ്ങളുടെ കണക്കിൽ ശരാശരി 41 മിനിറ്റ് മാത്രമാണ് ഒരു വിമാനത്തിന്റെ പുറപ്പെടൽ സമയത്തിലെ കാലതാമസം വരുന്നത്. 191 നഗരങ്ങളിലേക്ക് ഹമദിൽ നിന്നും വിമാനങ്ങൾ സർവിസ് നടത്തുന്നുണ്ട്.
ഇന്റഗ്രേറ്റഡ് ഓപറേഷൻസ് സെന്ററിലും (ഐ.ഒ.സി) വിശാലമായ ഫ്ലൈറ്റ് ഓപറേഷൻസ് ഡിവിഷനിലും നൂതനമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ഖത്തർ എയർവേസ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.