ദുബൈ എയർ ഷോയിൽ ഷൈൻ ചെയ്യാൻ ഖത്തർ എയർവേസ്
text_fieldsദോഹ: നവംബർ 13 മുതൽ 17 വരെ ദുബൈ വേൾഡ് സെന്ററിൽ നടക്കുന്ന ദുബൈ എയർഷോയിൽ ഏറ്റവും പുതിയ എയർലൈൻസ് ശ്രേണികളുമായി ശ്രദ്ധേയ സാന്നിധ്യമാകാൻ ഖത്തർ എയർവേസ്. ബോയിങ് ബി787-9, എയർബസ് എ350-1000, ഗൾഫ് സ്ട്രീം ജി650 ഇ.ആർ എന്നിവയുൾപ്പെടെയുള്ള പുതു തലമുറയിലെ വിമാനങ്ങളാണ് ദുബൈ എയർഷോയിൽ ഖത്തർ എയർവേസ് പ്രദർശിപ്പിക്കുന്നത്. അത്യാധുനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ ആഗോള വ്യോമയാന മേഖലയിലെ മുൻനിരക്കാർ എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് ദേശീയ എയർലൈൻ കമ്പനി ലക്ഷ്യമിടുന്നത്.
പുതുതലമുറ വിമാനങ്ങളിൽ എക്സ്ക്ലൂസിവ് ടൂറുകൾ നടത്തി അതിന്റെ കാബിനിനുള്ളിലെ രൂപകൽപന, സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവ മാധ്യമങ്ങൾക്കും വ്യോമമേഖലയിലെ പ്രഫഷനലുകൾക്കും പരിചയപ്പെടുത്തി മികച്ച അനുഭവം നൽകാനും ഖത്തർ എയർവേസ് പദ്ധതിയിടുന്നുണ്ട്.
1986ന് ആരംഭിച്ചതു മുതൽ ലോക പ്രശസ്തരായ ആയിരക്കണക്കിന് എക്സിബിറ്റർമാരെയും സ്വകാര്യ, സിവിൽ ഏവിയേഷനിലെ മുതിർന്ന പ്രതിനിധികളെയും ആകർഷിക്കുന്ന വ്യവസായ വാണിജ്യ, വാണിജ്യേതര വ്യോമയാനങ്ങളുടെ ഏറ്റവും സ്വാധീനമുള്ളതും വലുതുമായ ഒത്തുചേരലുകളിലൊന്നായി ദുബൈ എയർഷോ ലോകത്ത് ഉയർന്നിട്ടുണ്ട്.
വ്യോമയാന മേഖലയിൽ നിന്നുള്ള ലോകോത്തര പ്രദർശകരെയും വ്യവസായ പ്രമുഖരെയും ദുബൈ എയർഷോ ഒരുമിപ്പിക്കുന്നതിനാൽ ഇതൊരു അവസരമാണെന്നും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്ന ഞങ്ങളുടെ അത്യാധുനിക, പുതുതലമുറ വിമാനങ്ങളുടെ പ്രദർശനത്തിന് ദുബൈ ഷോ വേദിയാകുമെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
ദുബൈ എയർഷോയിൽ ഞങ്ങളുടെ സ്റ്റാൻഡിലേക്ക് എല്ലാ പങ്കാളികളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നുവെന്നും അൽ മീർ പറഞ്ഞു. നവംബർ 13 മുതൽ 17 വരെ ദുബൈ എയർ ഷോയിലെ ചാലറ്റ് 07-എ08യിലാണ് ഖത്തർ എയർവേസ് പവിലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.