ഫാൻബറോ എയർഷോയിൽ തിളങ്ങാൻ ഖത്തർ എയർവേസ്
text_fieldsദോഹ: ലോകപ്രശസ്തമായ ഫാൻബറോ രാജ്യാന്തര എയർഷോയിൽ പങ്കാളിയായി ഖത്തർ എയർവേസും. ആകാശപ്പറക്കലിന്റെ 25ാം വർഷത്തിൽ വൻലാഭം കൊയ്തതിനു പിന്നാലെയാണ് ശ്രദ്ധേയമായ എയർഷോയിലെ പങ്കാളിത്തം. കൂറ്റൻ യാത്രാ വിമാനമായ ബോയിങ് 787-9 ഡ്രീംലൈനറാണ് എയർഷോയിലെ ഖത്തർ എയർവേസിന്റെ പ്രധാന ഹൈലൈറ്റ്. അത്യാഡംബരവും ഉന്നത നിലവാരവും പുലർത്തുന്ന ഈ വിമാനം 2021ലാണ് ഖത്തർ എയർവേസിന്റെ യാത്രാശ്രേണിയുടെ ഭാഗമായത്. ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സ്യൂട്ടും സ്ലൈഡിങ് പ്രൈവസി ഡോറുകളും വയർലസ് മൊബൈൽ ചാർജിങ് ഉൾപ്പെടെയുള്ള സവിശേഷതകളുള്ള ബോയിങ് 787-9 എയർഷോയിൽ ഖത്തർ എയർവേസിന്റെ പ്രൗഢി വിളിച്ചോതുന്ന സാന്നിധ്യമാവും.
ലോകകപ്പിന്റെ അടയാളമായി പ്രത്യേക രൂപകൽപന ചെയ്ത ബോയിങ് 777-300 ഇ.ആർ വിമാനവും എയർഷോയിൽ പ്രദർശിപ്പിക്കും. ഖത്തർ ലോകകപ്പിന്റെ ലോഗോ പതിച്ച് പ്രചാരണ വിമാനമായി മാറിയ ഈ മോഡൽ ഇതിനകം ലോകശ്രദ്ധ നേടിയതാണ്. ഖത്തർ എയർവേസിന്റെ പ്രൈവറ്റ് ജെറ്റ് ചാർട്ടർ വിഭാഗം ഗൾഫ്സ്ട്രീം ജി 650 ഇ.ആർ ഉൾപ്പെടെയുള്ള സീരീസുകളും പ്രദർശനത്തിന്റെ ഭാഗമാവും. ഈ വിഭാഗത്തിൽ സുരക്ഷയും വേഗതയും കൊണ്ട് ഏറെ സവിശേഷമാണ് ജി 650.
തിങ്കളാഴ്ച ആരംഭിച്ച ഫാൻബറോ എയർഷോ അഞ്ചുദിവസം നീണ്ടു നിൽക്കും. 'ഇത്തരമൊരു എയർഷോയിൽ ഇടവേളക്കുശേഷമാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കോഡ് നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഫാൻബറോയിൽ തിരിച്ചെത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. 25ാം വാർഷികം ആഘോഷിച്ച ഖത്തർ എയർവേസ് ലോകകപ്പ് വേളയിൽ ദശലക്ഷം ആരാധകരുടെ യാത്രക്കായി ഒരുങ്ങുകയാണിപ്പോൾ' -ഖത്തർബഎയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറഞ്ഞു. 154 കോടി ഡോളർ ലാഭം നേടിയ ഖത്തർ എയർവേസ്, കഴിഞ്ഞ സീസണിൽ 18.5 ദശലക്ഷം യാത്രക്കാരെയാണ് വഹിച്ചത്. ഇതിനു പുറമെ, വിവിധ എയർലൈൻ റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ടിൽ മിന്നുന്ന പ്രകടനവുമായി മുൻനിരയിലും സ്ഥാനംപിടിച്ചു. സ്കൈട്രാക്സ് റിപ്പോർട്ടിൽ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനും ബെസ്റ്റ് എയർലൈനിനുമുള്ള നിരവധി പുരസ്കാരങ്ങൾ ഖത്തർ എയർവേസ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.