ജി.സി.സി ശൃംഖല ശക്തമാക്കാൻ ഖത്തർ എയർവേസ്
text_fieldsദോഹ: സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും പുതിയ സർവിസുകളുൾപ്പെടെ ജി.സി.സിക്കുള്ളിൽ വ്യോമയാന ശൃംഖലയിൽ വിപുലീകരണം പ്രഖ്യാപിച്ച് ഖത്തർ എയർവേസ്. ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിറാണ് ഇക്കാര്യം പുറത്തുവിട്ടത്. സൗദി അറേബ്യയിലെ തബൂക്കിലേക്ക് പുതിയ സർവിസ് ആരംഭിച്ച ഖത്തർ എയർവേസ്, യാംബൂവിലേക്കുള്ള സർവിസ് പുനരാരംഭിക്കുകയും ചെയ്തു.
നിലവിൽ യു.എ.ഇയിലെ അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേസ്, താമസിയാതെ റാസൽഖൈമയിലേക്കും സർവിസ് ആരംഭിക്കും.
യു.എ.ഇയിലേക്ക് ആഴ്ചയിൽ 84 സർവിസുകളാണ് ഖത്തർ എയർവേസിനുള്ളതെന്ന് മേഖലയുടെ പ്രാധാന്യം ഉറപ്പിച്ചുകൊണ്ട് അക്ബർ അൽ ബാകിർ ദുബൈയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ വർഷത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. വരും വർഷങ്ങളിലും ഞങ്ങളുടെ രാജ്യം ടൂറിസം ഹബ്ബായി തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര തലത്തിൽ ഖത്തർ എയർവേസിന്റെ സർവിസ് സെക്ടർ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് സൗദിയിലെയും യു.എ.ഇയിലെയും കൂടുതൽ നഗരങ്ങളിലേക്കും ദേശീയ എയർലൈൻസ് സർവിസുകൾ പ്രഖ്യാപിച്ചത്. നിലവിൽ മേഖലയിലെ ഏറ്റവും ശക്തമായ അന്താരാഷ്ട്ര ശൃംഖലയുള്ള വിമാനക്കമ്പനി കൂടിയാണ് ഖത്തർ എയർവേസ്. അമേരിക്ക, യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഇന്റർനാഷനൽ ട്രാൻസിറ്റ് ഹബ്ബായി ദോഹയെ മാറ്റാനും കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.