കോഹ്‍ലിപ്പടക്ക് ചിറകുവിരിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ കരുത്തരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. മാർച്ച് 31ന് ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ 16ാം സീസണിൽ ഖത്തർ എയർവേസ് എന്ന ബ്രാൻഡിലായിരിക്കും വിരാട് കോഹ്‍ലിയുടെ ആർ.സി.ബി കളത്തിലിറങ്ങുന്നത്. ഇതാദ്യമായാണ് ഖത്തർ എയർവേസ് ഇന്ത്യൻ സ്പോർട്സിൽ ഒരു കൈനോക്കാൻ ഇറങ്ങുന്നത്. പുതിയ സീസണിൽ ആർ.സി.ബിയുടെ മെയിൻ പ്രിൻസിപ്പൽ പാർട്ണറായാണ് ഖത്തർ എയർവേസ് സ്പോൺസർഷിപ് കരാറിൽ ഒപ്പുവെച്ചത്. മൂന്നു വർഷത്തേക്കാണ് കരാർ.
കഴിഞ്ഞ ദിവസം ബംഗളൂരുവിൽ 20,000ത്തോളം കാണികൾ നിറഞ്ഞ ചടങ്ങിൽ വിരാട് കോഹ്‍ലി, ക്യാപ്റ്റൻ ഫാഫ്ഡു പ്ലെസിസ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ചേർന്ന് ‘ഖത്തർ എയർവേസ്’ എന്ന് മുദ്രണംചെയ്ത ആർ.സി.ബിയുടെ പുതിയ ജഴ്സി പുറത്തിറക്കി. ടീമിന്റെ ടൈറ്റിൽ സ്പോൺസർ പദവിക്കൊപ്പം ഐ.പി.എൽ ആരാധകർക്ക് സ്‍പെഷൽ പാക്കേജുകളും ഖത്തർ എയർവേസ് അവതരിപ്പിക്കുന്നുണ്ട്. ഖത്തർ എയർവേസ് ഹോളിഡേയ്സിന് കീഴിൽ ക്രിക്കറ്റ് ആരാധകർക്ക് ഐ.പി.എൽ മാച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന പാക്കേജുകളും പ്രഖ്യാപിച്ചു. ആർ.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഖത്തർ എയർവേസ് ഹോസ്പിറ്റാലിറ്റി ലോഞ്ചും തയാറാണ്. പാക്കേജിന്റെ ഭാഗമായി എത്തുന്ന ആരാധകർക്ക് ടീമിന്റെ പരിശീലന സെഷൻ കാണാനും കളിക്കാരുടെ ഓട്ടോഗ്രാഫ്, ഇതിഹാസ താരങ്ങളുമായി കൂടിക്കാഴ്ച, വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ചിത്രം പകർത്താൻ അവസരം എന്നിവക്ക് അവസരമൊരുങ്ങും. ഖത്തർ എയർവേസിൽ റിട്ടേൺ വിമാന ടിക്കറ്റ് ഉൾപ്പെടെയാണ് ആർ.സി.ബി ഫാൻ പാക്കേജ്. പ്രീമിയ ഹോട്ടൽ താമസം, മാച്ച് ടിക്കറ്റ് എന്നിവയും ആരാധകർക്ക് ഉറപ്പുനൽകുന്നു. ഖത്തർ എയർവേസ് വെബ്സൈറ്റിൽ ആർ.സി.ബി ലിങ്ക് വഴി ഫാൻ പാക്കേജ് ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.
ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തരായ ആർ.സി.ബിക്കൊപ്പം ഖത്തർ എയർവേസ് പുതുയാത്ര ആരംഭിക്കുകയാണെന്ന് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറഞ്ഞു. മികച്ച ആരാധകപിന്തുണയും ക്രിക്കറ്റ് ഇതിഹാസങ്ങൾ ഉൾപ്പെടെ വൻ താരനിരയുമുള്ള ടീമാണ് ആർ.സി.ബി. ലോകവ്യാപകമായി ആരാധകരുള്ള കായികയിനം എന്നനിലയിൽ വിവിധ പശ്ചാത്തലത്തിലുള്ള ആസ്വാദകരെ ക്രിക്കറ്റ് ഒന്നിപ്പിക്കുന്നു. ആ ആവേശത്തിനൊപ്പം സീസൺ ആദ്യം മുതൽ അവസാനം വരെ ഖത്തർ എയർവേസ് ചേരുകയാണ്. ലോകോത്തര ക്രിക്കറ്റും വിനോദവും ആരാധകർക്ക് ഉറപ്പുനൽകുന്നതാണ് ഈ പങ്കാളിത്തം -അക്ബർ അൽ ബാകിർ പറഞ്ഞു. ഫിഫ, ഫ്രഞ്ച് ഫുട്ബാൾ ക്ലബായ പി.എസ്.ജി, ജർമൻ ക്ലബ് ബയേൺ മ്യൂണിക് എഫ്.സി, കോൺകകാഫ്, ഫോർമുല വൺ, അയേൺ മാൻ ട്രയാത്‍ലൺ, യുനൈറ്റഡ് റഗ്ബി ചാമ്പ്യൻഷിപ് തുടങ്ങിയ കായിക ഇനങ്ങളുടെ ഭാഗമായി ഖത്തർ എയർവേസ് ആദ്യമായാണ് ക്രിക്കറ്റ് കളത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.