കൂടുതൽ നഗരങ്ങളിലേക്ക് പറക്കാൻ ഖത്തർ എയർവേസ്
text_fieldsദോഹ: ലോകത്തെ ഏറ്റവും മികച്ച എയർലൈനായി മാറുന്ന ഖത്തർഎയർവേസ് വിവിധ വൻകരകളിലെ കൂടുതൽ നഗരങ്ങളിലേക്കായി സർവിസ് വ്യാപിപ്പിക്കുന്നു. ഏഴു പുതിയ നഗരങ്ങൾക്കൊപ്പം, നേരത്തേ സർവിസ് നടത്തിയിരുന്ന 11 നഗരങ്ങളിലേക്കുള്ള യാത്ര പുനരാരംഭിക്കാനും തീരുമാനിച്ചു. ഐ.ടി.ബി ബർലിൻ കൺവെൻഷനിലാണ് ഖത്തർ എയർവേയ്സിന്റെ പ്രഖ്യാപനം.
ചിറ്റഗോങ് (ബംഗ്ലാദേശ്), ജുബ (ദക്ഷിണ സുഡാൻ), കിൻഷ (ഡി.ആർ കോംഗോ), ലിയോൺ, ടൊളോസ് (ഫ്രാൻസ്), മെഡാൻ (ഇന്തോനേഷ്യ), ട്രാബ്സോൺ(തുർക്കിയ) എന്നീ ഏഴു നഗരങ്ങളിലേക്കാണ് പുതിയ വിമാന സർവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ബെയ്ജിങ് (ചൈന), ബർമിങ്ഹാം(ഇംഗ്ലണ്ട്), കാസബ്ലാങ്ക, മറാക്കിഷ്(മൊറോക്കോ), ദാവോ (ഫിലിപ്പീൻസ്), ഒസാക്ക(ജപ്പാൻ), നോംപ്നെ (കംേബാഡിയ), റാസൽ ഖൈമ (ദുൈബ), ടോക്യോ ഹനേഡ(ജപ്പാൻ), ബ്വേനസ് െഎറിസ് (അർജന്റീന), നീസ്(ഫ്രാൻസ്) എന്നീ നഗരങ്ങളിലേക്കുള്ള സർവിസ് പുനരാരംഭിക്കാനും എയർലൈൻ തീരുമാനിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനമാണ് ഐ.ടി.ബി ബർലിൻ (ഇന്റർനാഷനൽ ടൂറിസം ബോർസെ). പ്രതിവർഷം പ്രദർശനത്തിനായി 180 രാജ്യങ്ങളിൽ നിന്നായി ഏകദേശം 10,000 പ്രദർശകരാണ് ഐ.ടി.ബി ബർലിനിൽ പങ്കെടുക്കുന്നത്. ആഗോള യാത്രാ മേഖലയിലെ പ്രമുഖരുമായി വീണ്ടും ഒന്നിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണെന്നും കോവിഡ് മഹാമാരിക്ക് മുമ്പുള്ള സമയത്തേതുപോലെ നേട്ടങ്ങൾ ആഘോഷിക്കുകയും പുതിയത് അവതരിപ്പിക്കുകയുമാണെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
നിലവിൽ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഹബാക്കി മാറ്റി ലോകത്തിലെ 150ൽ ഏറെ നഗരങ്ങളിലേക്കാണ് ഖത്തർ എയർവേസ് സർവിസ് നടത്തുന്നത്. സ്കൈട്രാക്സ് ഉൾപ്പെടെ വിവിധ ഏജൻസികളുടെ ഏറ്റവും മികച്ച വിമാന സർവിസിനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. പുതിയ നഗരങ്ങൾക്ക് പുറമെ, നിലവിൽ പറക്കുന്ന നഗരങ്ങളിലേക്കുള്ള സർവിസുകളുടെ എണ്ണവും ഖത്തർ എയർവേസ് വർധിപ്പിച്ചു.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് ആഴ്ച സർവിസുകളുടെ എണ്ണം 42ൽ നിന്നും 45 ആയി ഉയർത്തി. മിലാനിലേക്ക് 16ൽ നിന്നും 21 ആയും വർധിപ്പിച്ചു. വേനൽക്കാല തിരക്കുകൂടി പരിഗണിച്ചാണ് യൂറോപ്യൻ, ആഫ്രിക്കൻ, ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് കൂട്ടിയത്. ഇന്ത്യയിലേക്ക് നാഗ്പൂരിലേക്ക് പ്രതിവാര സർവിസ് എണ്ണം നാലിൽ നിന്ന് ഏഴായി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.