വേൾഡ് ട്രാവൽ അവാർഡ് നേട്ടത്തിൽ ഖത്തർ എയർവേസ്
text_fieldsദോഹ: ലോകോത്തര സർവിസുമായി യാത്രക്കാരുടെ ഇഷ്ട എയർലൈൻസായി പേരെടുത്ത ഖത്തർ എയർവേസിനെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരങ്ങൾ. വേൾഡ് ട്രാവൽ അവാർഡിന്റെ ലോകത്തെ ലീഡിങ് എയർലൈൻ, ലീഡിങ് എയർലൈൻ ബിസിനസ് ക്ലാസ്, ലീഡിങ് എയർലൈൻ ലോഞ്ച് എന്നീ മൂന്ന് പുരസ്കാരങ്ങളാണ് ദേശീയ എയർലൈൻ സ്ഥാപനമായ ഖത്തർ എയവേസിനെ തേടിയെത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സർവിസ് നടത്തിക്കൊണ്ട്, യാത്രക്കാരിൽ നിന്നും നേടിയെടുത്ത അംഗീകാരത്തിന്റെ സാക്ഷ്യമായാണ് ‘വേൾഡ് ട്രാവൽ അവാർഡിന്റെ ലീഡിങ് എയർലൈൻ’ പുരസ്കാരം സ്വന്തമാക്കിയത്. ഏറ്റവും മികച്ച ഗുണമേന്മയുള്ള സർവിസും, സുരക്ഷിതവും സംതൃപ്തവുമായ യാത്രാ സൗകര്യവും, മികച്ച യാത്രാനുഭവവുമെല്ലാമാണ് ദേശീയ എയർലൈൻ കാരിയറിനെ നമ്പർ വൺ ആക്കി മാറ്റിയത്.
പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും ബിസിനസുകാരും ഉപയോഗപ്പെടുത്തുന്ന ബിസിനസ് ക്ലാസ് സേവനവും ആഡംഭരത്വവും കൊണ്ട് ശ്രദ്ധേയമായാണ് ‘വേൾഡ് ലീഡിങ് എയർലൈൻ ബിസിനസ് ക്ലാസ്’ അംഗീകാരം നേടിയത്. ഖത്തർ എയർവേസ് അവതരിപ്പിച്ച ‘ക്യൂ’ സ്യൂട്ട് അന്താരാഷ്ട്ര എയർലൈൻ സെക്ടറിൽ തന്നെ ശ്രദ്ധേയമായ ബിസിനസ് ക്ലാസായി മാറിയിരുന്നു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അൽ മൗർജാൻ ബിസിനസ് ലോഞ്ചാണ് ലീഡിങ് എയർലൈൻ ലോഞ്ചിന് ഖത്തർ എയർവേസിനെ പ്രാപ്തമാക്കിയത്.
ഹമദ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്കും ഖത്തർ എയർവേസിന്റെ ട്രാൻസിറ്റ് യാത്രികർക്കും വിനോദങ്ങളും വിജ്ഞാനവുമായി സമയം ചെലവഴിക്കാൻ വിമാനത്താവളത്തിനുള്ളിൽ ഒരുക്കിയ പ്രകൃതി രമണീയമായ ലോഞ്ച് ഏറെ പ്രശംസ നേടിയിരുന്നു.
വേൾഡ് ട്രാവൽ അവാർഡിൽ ഇടം പിടിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.