പ്രൈവറ്റ് ജെറ്റുകളിൽ സ്റ്റാർലിങ്ക് സാങ്കേതിക വിദ്യയുമായി ഖത്തർ എയർവേസ്
text_fieldsദോഹ: ഖത്തർ എയർവേസ് ഗ്രൂപ്പിന്റെ പ്രൈവറ്റ് ജെറ്റ് ഡിവിഷനായ ഖത്തർ എക്സിക്യൂട്ടിവ് വിമാനങ്ങളിൽ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സ്ഥാപിക്കാനൊരുങ്ങുന്നു. ഖത്തർ എക്സിക്യൂട്ടിവിന്റെ ഗൾഫ്സ്ട്രീം ജി 650 ഇ.ആർ ജെറ്റുകളിലാണ് സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സ്ഥാപിക്കുന്നത്. ഇതോടെ യാത്രക്കാർക്ക് യാത്രാവേളയിൽ വേഗതയേറിയ വൈ-ഫൈ സൗകര്യം നൽകാൻ സാധിക്കും. സെക്കൻഡിൽ 350 മെഗാബൈറ്റ് വരെ വേഗതയാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബർ 14 മുതലാണ് യാത്രക്കാർക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാകുകയെന്ന് കമ്പനി അറിയിച്ചു. 45,000 അടി ഉയരത്തിൽ പറക്കുമ്പോഴും പ്രൈവറ്റ് ജെറ്റിൽ യാത്രക്കാർക്ക് അവരുടെ പ്രിയപ്പെട്ട സിനിമകളും ടെലിവിഷൻ ഷോകളും കാണാൻ സാധിക്കും. കായികമേഖലയിൽ തൽപരരായ യാത്രക്കാർക്ക് തത്സമയ കായികമത്സരങ്ങളും കാണാനാകും.
അടുത്ത വർഷം മേയ് മാസത്തോടെ ഖത്തർ എക്സിക്യൂട്ടിവിന് കീഴിലെ 15 ജി 650 ഇ.ആർ വിമാനങ്ങളിൽ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ സ്ഥാപിക്കുമെന്നും അടുത്ത 18 മാസത്തോടെ തങ്ങളുടെ മുഴുവൻ ഗൾഫ് സ്ട്രീം വിമാനങ്ങളിലും സാങ്കേതികവിദ്യ വ്യാപിപ്പിച്ച് യാത്രക്കാർക്ക് അനന്തമായ അതിവേഗ വൈ-ഫൈ സേവനം ലഭ്യമാക്കുമെന്നും ഖത്തർ എക്സിക്യൂട്ടിവ് വ്യക്തമാക്കി.
സാങ്കേതിക മേഖലയിൽ കുതിപ്പ് തുടരുന്നതോടൊപ്പം ദുബൈയിൽ നടക്കുന്ന എം.ഇ.ബി.എ.എ 2024ൽ (മിഡിലീസ്റ്റ് ബിസിനസ് ഏവിയേഷൻ അസോസിയേഷൻ) ഏവരും കാത്തിരിക്കുന്ന ജി 700 വിമാനം പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ എക്സിക്യൂട്ടിവ്. ഈ വർഷം അവസാനത്തോടെ 14 വിമാനങ്ങളിൽ ഈ സേവനം ലഭ്യമാക്കുമെന്നും അടുത്ത വർഷം മേയ് മാസത്തിൽ 60 വിമാനങ്ങളിലും ശേഷം മുഴുവൻ വിമാനങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്നും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദർ മുഹമ്മദ് അൽ മീർ ഈയിടെ സമാപിച്ച ദോഹ ഫോറത്തിൽ വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.