പെൺകരുത്തുമായി ഖത്തർ എയർവേസ്
text_fieldsദോഹ: ഒരു ദിനമല്ല, ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളോടെ ഖത്തർ എയർവേസിന്റെ വനിത ദിന പരിപാടികൾ. ലോകത്തെ മുൻനിര എയർലൈൻ കമ്പനിയായി മാറിയ ഖത്തർ എയർവേസിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പരിചയസമ്പന്നരായ വലിയൊരു വനിത പ്രഫഷനലുകളുടെ മികവുകൂടി ലോകത്തിന് പരിചയപ്പെടുത്തിയാണ് ഖത്തർ എയർവേസ് വനിത ദിനം ഒരാഴ്ചയായി ആഘോഷിച്ചത്.
അതിന്റെ ഭാഗമായി മാർച്ച് അഞ്ചിന് ദോഹയിൽനിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് പറന്ന ഖത്തർ എയർവേസ് കാർഗോ വിമാനം പൂർണമായും കൈകാര്യം ചെയ്തത് വനിതകൾ. ഗ്രൗണ്ട് സ്റ്റാഫ് മുതൽ കാർഗോ ജീവനക്കാരും വിമാനം പറത്തിയ പൈലറ്റുമാരുമെല്ലാം വനിതകളായി. ബോയിങ് 777 കൂറ്റൻ വിമാനമായിരുന്നു ദോഹയിൽനിന്നും സമ്പൂർണ ലേഡീസ് ഫ്ലൈറ്റ് ആയി ഷാങ്ഹായിലേക്ക് പറന്നത്. ബ്രിട്ടനിൽനിന്നുള്ള സാറ അബിഗെയ്ൽ ക്യാപ്റ്റനും ഫ്രാൻസിൽനിന്നുള്ള എഡിത് മാല ഡിയോപ്, ഖത്തറിൽ നിന്നുള്ള ഹിദ്ഫ മുഹമ്മദ് അൽ മർറി എന്നിവർ ഫസ്റ്റ് ഓഫിസർമാരുമായാണ് വിമാനം പറത്തിയത്. 100 ടൺ കാർഗോയുമായി വിമാനം ദോഹയിൽനിന്നു ഷാങ്ഹായിൽ പറന്നിറങ്ങി.
പ്രതിഭാധനരും വിവിധ മേഖലകളിൽ മികവാർന്നവരുമായി ഒരു സംഘം ജീവനക്കാർ ഖത്തർ എയർവേസ് കാർഗോയുടെ ഭാഗമാണെന്നതിൽ അഭിമാനിക്കുന്നതായി കാർഗോ ചീഫ് ഓഫിസർ ഗ്വിലേമോ ഹാലെക്സ് പറഞ്ഞു. തൊഴിൽ മേഖലയിൽ ലിംഗ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജീവനക്കാരിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യമുണ്ട്.
ഖത്തർ എയർവേസ് കാർഗോയിൽ ആഗോളതലത്തിൽ വിവിധ പ്രായവിഭാഗങ്ങളിലും ചുമതലകളിലുമായി 50 ശതമാനത്തോളം പേർ സ്ത്രീകളാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും -ഗ്വിലോമി ഹാലെക്സ് പറഞ്ഞു.
തൊഴിലിടങ്ങളിലെ വൈവിധ്യവും സാന്നിധ്യവും എന്ന നിലയിൽ മാത്രമല്ല സ്ത്രീ ജീവനക്കാരുടെ പങ്കാളിത്തം. അവർ ബിസിനസിനെ സർഗാത്മകവും വിജയകരവുമാക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നു. ലോകത്തിലെ മുൻനിര എയർ കാർഗോ കാരിയർ എന്ന നിലയിൽ ഖത്തർ എയർവേസിന്റെ വിജയത്തിനുപിന്നിൽ വനിതകൾ ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനവും കഴിവും പ്രധാനമാണ് -ഗ്വിലോമി പറഞ്ഞു. ഖത്തർ എയർവേസിന്റെ വിജയയാത്രയിൽ വനിത ജീവനക്കാരുടെ പങ്കിനെ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ അഭിനന്ദിച്ചു. അന്താരാഷ്ട്ര വനിത ദിനത്തിൽ ഞങ്ങളുടെ വനിത ജീവനക്കാരുടെ പ്രവർത്തന മികവിനെ ആദരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
25 വർഷം മുമ്പ് എയർലൈൻ പ്രവർത്തനമാരംഭിച്ചത് മുതൽ ഖത്തർ എയർവേസിൽ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും വിജയകരമായ യാത്രയിൽ വൈദഗ്ധ്യം പ്രകടിപ്പിച്ച് ഒപ്പം നിൽക്കുകയും ചെയ്തവരുടെ പ്രതിഭയെ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈയാഴ്ച അവരുടെ മികവിനുള്ള ബഹുമാനമായാണ് ഖത്തർ എയർവേസ് ആഘോഷിക്കുന്നത്. ഞങ്ങളുടെ സ്ഥാപനത്തെ ലോകോത്തരമാക്കി ഉയർത്താനുള്ള അവരുടെ സേവനത്തിന് നന്ദി അറിയിക്കുന്നു -അക്ബർ അൽ ബാകിർ പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ വനിത ജീവനക്കാർക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വ്യത്യസ്ത പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വനിത പൈലറ്റുമാർക്കായി സിമുലേറ്റർ ടൂർ, വനിത എൻജിനീയർമാർക്ക് വ്യോമയാന മേഖലയിലെ വിവിധ സംവിധാനങ്ങൾ പരിചയപ്പെടാനുള്ള പര്യടനം, വനിത ജീവനക്കാർക്ക് വിവിധ മേഖലകളിലെ പ്രവർത്തനവും സുരക്ഷ നിലവാരവും അറിയാനായി എയർവേസ് ഇന്റഗ്രേറ്റഡ് ഓപറേഷൻ സെന്റർ വിസിറ്റ്, വനിത പാചകക്കാരുടെ നേതൃത്വത്തിൽ ഏഷ്യൻ പാചകരീതിയെ കുറിച്ച് പരിശീലനം, ആരോഗ്യ ബോധവത്കരണം, യോഗ പരിശീലനം എന്നിവ ഉൾപ്പെടുന്ന സെഷനും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.