ജി.സി.സി സന്ദർശകരെ സ്വാഗതം ചെയ്ത് ‘ഖത്തർ, അലാ ഹവാക്’
text_fieldsദോഹ: ഖത്തറിൽ ശൈത്യകാലം ആസ്വദിക്കാൻ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും താമസക്കാരെയും സ്വാഗതം ചെയ്ത് വിസിറ്റ് ഖത്തർ കാമ്പയിന് തുടക്കമായി. ‘ഖത്തർ, അലാ ഹവാക്’ (ഖത്തർ നിങ്ങളുടെ മനസ്സിന്റെ ആഗ്രഹത്തിനൊത്ത്) എന്ന തലക്കെട്ടിൽ ശൈത്യകാല കാമ്പയിന് തുടക്കം കുറിച്ചു.
ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ടൂറിസം മേഖലയിൽ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ഖത്തർ, വിവിധ ആഘോഷങ്ങളോടെയാണ് ജി.സി.സി രാജ്യക്കാരായ സന്ദർശകർക്കായി വേദിയൊരുക്കുന്നത്.
സന്ദർശകരും താമസക്കാരും ആഗ്രഹിക്കുന്നതെന്തും നൽകാൻ ലക്ഷ്യമിട്ട് മുമ്പത്തേക്കാൾ മികച്ച സീസണാണ് കാമ്പയിനിലൂടെ വിസിറ്റ് ഖത്തർ ലക്ഷ്യമിടുന്നത്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ, നിരവധി ആകർഷണങ്ങളും പരിപാടികളും ഉൾക്കൊള്ളുന്ന മേഖലയിലെ പ്രധാന ശീതകാല കുടുംബ സൗഹൃദ ലക്ഷ്യസ്ഥാനമാക്കി ഖത്തറിനെ ഉയർത്തിക്കൊണ്ടുവരാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
സൗദി നടൻ യൂസുഫ് അൽ ജറാഹ്, ബഹ്റൈൻ കലാകാരൻ അഹ്മദ് ഷെരീഫ് എന്നിവരും, ഖത്തറിന്റെ സ്വന്തം ഷെഫ് നൂഫ് അൽ മർരിയും ഖത്തരി മോട്ടിവേഷനൽ സ്പീക്കർ ഗാനിം അൽ മുഫ്തയും കാമ്പനിന്റെ ഭാഗമാകും.
രാജ്യത്തിന്റെ സവിശേഷ സംസ്കാരം, വിനോദം, ആതിഥ്യമര്യാദ എന്നിവ ഒരുമിക്കുന്നതിലൂടെ ഖത്തറിനെ കുടുംബങ്ങൾക്കും സൗഹൃദക്കൂട്ടങ്ങൾക്കും ഏറ്റവും മികച്ച സഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഖത്തറിന്റെ സവിശേഷമായ ശൈത്യകാല അന്തരീക്ഷവും വിനോദ പരിപാടികളും ഹ്രസ്വ-ദൈർഘ്യ യാത്രകൾക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നുവെന്ന് വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അലി അൽ മൗവ്ലവി പറഞ്ഞു.
സന്ദർശകർക്ക് അവിസ്മരണീയ അനുഭവം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും, ശൈത്യകാലം അടുക്കുമ്പോൾ ഖത്തർ സന്ദർശിക്കാനും ജീവതത്തിലെ മികച്ച യാത്ര ആസ്വദിക്കാനും ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാഹസികത ആഗ്രഹിക്കുന്നവർക്കായി ദോഹയിലെ ഇൻഡോർ തീം പാർക്കായ ക്വസ്റ്റ് സജ്ജമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡ്രോപ് ടവറും, ഇൻഡോർ റോളർ കോസ്റ്ററും ഇവിടെയാണ്.
സാംസ്കാരിക പ്രേമികൾക്കായി മരുഭൂമിയിലെ ഭൂപ്രകൃതിയുമായി സമന്വയിപ്പിച്ച് ഹാബിറ്റാസ് റാസ് അബ്രൂക്ക് രൂപകൽപന ചെയ്തിട്ടുണ്ട്. ബദൂവിയൻ പാരമ്പര്യങ്ങളെയും നക്ഷത്ര നിരീക്ഷണത്തെയും കേന്ദ്രീകരിച്ച് തയാറാക്കിയ റിസോർട്ടാണ് ഹാബിറ്റാസ് റാസ് അബ്രൂക്ക്.
അറേബ്യൻ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ 5000 കാണികളെ ഉൾക്കൊള്ളുന്ന കതാറ ആംഫി തിയറ്റർ ഗ്രീക്ക്-ഇസ്ലാമിക് വാസ്തുവിദ്യ ശൈലികളുടെ സംയോജനമാണ്.
എളുപ്പത്തിലെത്താം, വിസയില്ലാതെ
102 രാജ്യങ്ങൾക്ക് വിസയില്ലാതെ കര, ആകാശ, കടൽ മാർഗം ഖത്തറിലെത്താം. 2023ൽ 40 ലക്ഷം സന്ദർശകരെയാണ് ഖത്തർ സ്വാഗതം ചെയ്തത്.
2024ലും ഖത്തറിന്റെ വിനോദസഞ്ചാര വ്യവസായം പുരോഗതിയിലാണ്. ഈ വർഷം ഒക്ടോബർ അവസാനത്തോടെ 39 ലക്ഷത്തിനടുത്ത് യാത്രക്കാർ ഖത്തറിലെത്തി. 2023ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.