അമീറിന് ബംഗ്ലാദേശിൽ വരവേൽപ്
text_fieldsദോഹ: രണ്ടു ദിവസത്തെ ഫിലിപ്പീൻസ് സന്ദർശനം പൂർത്തിയാക്കി ബംഗ്ലാദേശിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് തലസ്ഥാന നഗരിയായ ധാക്കയിൽ ഹൃദ്യമായ സ്വീകരണം. ഫിലിപ്പീൻസിൽ നിന്നും തിങ്കളാഴ്ച ഉച്ചയോടെ പുറപ്പെട്ട അമീറിനെ ബംഗ്ലാദേശ് വ്യോമാതിർത്തിയിൽ നാല് യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ് രാജകീയ സ്വീകരണം ഒരുക്കിയത്. ധാക്കയിലെ ഹസ്രത് ഷഹജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക ചടങ്ങുകളോടെയാണ് അമീറിന് സൗഹൃദ രാജ്യത്തിലേക്ക് വരവേറ്റത്.
വിവിധ മന്ത്രിമാർ, അംബാസഡർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഔദ്യോഗിക സ്വീകരണം. ഞായറാഴ്ച ഫിലിപ്പീൻസിലെത്തിയ അമീർ കൂടിക്കാഴ്ചകളും വിവിധ കരാറുകളിൽ ഒപ്പുവെക്കലും പൂർത്തിയാക്കിയാണ് പര്യടനത്തിലെ രണ്ടാമത്തെ രാഷ്ട്രമായ ബംഗ്ലാദേശിേലക്ക് പറന്നത്. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസ് ജൂനിയറുമായി നടന്ന ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദ, നിക്ഷേപ മേഖലയെ ശക്തിപ്പെടുത്തുന്നതും ഉഭയകക്ഷി സൗഹൃദവും സഹകരണവും ശക്തമാക്കുന്നതുമാണെന്ന് ഖത്തർ അമീർ ‘എക്സിൽ വ്യക്തമാക്കി.
ഖത്തറിലെ ശക്തരായ ഫിലിപ്പിനോ സമൂഹത്തിന്റെ സേവനങ്ങളെ മനിലയിൽ നടന്ന കൂടിക്കാഴ്ചയിൽ അമീർ പ്രശംസിച്ചു. രാജ്യത്തിന്റെ വളർച്ചയിലും മികവിലും ഫിലിപ്പിനോ പ്രവാസി സമൂഹം നിർണായക പങ്കുവഹിക്കുന്നുവെന്ന് അമീർ പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലെ എട്ടു കരാറുകളിലും ഒപ്പുവെച്ചു. നയതന്ത്ര, സ്വകാര്യ, ഔദ്യോഗിക പാസ്പോർട്ട് കൈവശമുള്ളവർക്ക് പ്രവേശന വിസ ഒഴിവാക്കുന്നത് ഉൾപ്പെടെ കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. രണ്ടു ദിവസത്തെ ബംഗ്ലാദേശ് പര്യടനത്തിനു ശേഷം, അമീർ ചൊവ്വാഴ്ച നേപ്പാളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.