ഖത്തറും മാമുക്കോയയും
text_fieldsദോഹ: ഏറ്റവും പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട വേദനയിലാണ് പ്രവാസ ലോകം. സിനിമക്കാരൻ, ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ട താരം എന്ന ജാഡകളൊന്നുമില്ലാതെ തങ്ങളിൽ ഒരാളായി ജീവിച്ച് പടിയിറങ്ങിയ മാമുക്കോയയുടെ ഓർമകളായിരുന്നു എല്ലാവർക്കും പങ്കുവെക്കാനുണ്ടായിരുന്നത്. ഇന്നസെന്റിന്റെ മരണത്തിന്റെ നോവ് മായുംമുമ്പേയെത്തിയ മാമുക്കോയയുടെ വിടവാങ്ങൽ നാട്ടുകാർക്കും അടുത്തവർക്കും ആസ്വാദകർക്കുമെല്ലാം തീരാവേദനയായി. കോഴിക്കോടൻ വർത്തമാനങ്ങളുമായി ലോകമെങ്ങുമുള്ള മലയാളികളെ കുടുകുടെ ചിരിപ്പിച്ച അത്ഭുതപ്രതിഭ വിടവാങ്ങിയതിന്റെ സങ്കടം സമൂഹമാധ്യമങ്ങളിലും മറ്റും കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും പ്രവാസികൾ പങ്കുവെച്ചു.
രണ്ടുദിവസമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ ആരോഗ്യ സ്ഥിതിയിൽ അന്വേഷണവുമായി പ്രവാസലോകത്തെ കൂട്ടുകാർ നാട്ടിലെ മാമുക്കോയയുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഒടുവിൽ ബുധനാഴ്ച മരണവാർത്തയെത്തിയതോടെ അടുത്ത കൂട്ടുകാരൻ വിടവാങ്ങിയതുപോലെയായി ഓരോരുത്തർക്കും.
മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച കാലം മുതൽ മാമുക്കോയ ഖത്തറിനും പരിചിതമാണ്. കലാസാംസ്കാരിക പരിപാടികൾക്കായി പലതവണ ഖത്തറിലുമെത്തി. 1980കളിൽ സിനിമയിൽ സജീവമായ കാലത്തുതന്നെ ഖത്തറിലുമെത്തിയിരുന്നു. 1988ലായിരുന്നു അദ്ദേഹം നെല്ലിക്കോട് ഭാസ്കരനൊപ്പം ആദ്യമായി ഖത്തറിലെത്തിയത്. നാടക-ചലച്ചിത്ര നടനായി ശ്രദ്ധേയനായ നെല്ലിക്കോട് ഭാസ്കരന്റെ മരണത്തിന് ഏതാനും മാസംമുമ്പായിരുന്നു ഈ യാത്ര. പിന്നീട് വിവിധ പരിപാടികൾക്കായി മലയാളികളുടെ ഹാസ്യതാരം ഖത്തറിലെത്തി.
ഏറ്റവുമൊടുവിൽ 2018ൽ ക്യൂ മലയാളം സംഘടിപ്പിച്ച സർഗ സായാഹ്നത്തിൽ മുഖ്യാതിഥിയായാണ് ദോഹയിലെത്തിയത്. ഐ.സി.സി അശോക ഹാളിൽ പങ്കെടുത്ത പരിപാടിയിൽ പ്രിയനടനെ കാണാൻ ആരാധകർ തിങ്ങിക്കൂടിയത് അണിയറ പ്രവർത്തകർക്കും നിറമുള്ള ഓർമയാണ്.
താരജാഡകളൊന്നുമില്ലാതെ എപ്പോഴും സാധാരണക്കാരിൽ ഒരാളായാണ് മാമുക്കോയ ഇടപെട്ടതെന്ന് ഖത്തറിൽ കലാസാംസ്കാരിക പ്രവർത്തകനായ ഷെരീഫ് ചെരണ്ടത്തൂർ ഓർക്കുന്നു. ‘‘ലോകമെങ്ങുമുള്ള മലയാളികൾ ഏറെ ആദരിക്കുന്ന കലാകാരനായിരുന്നു അദ്ദേഹം. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ. സ്നേഹത്തിന്റെ കോഴിക്കോടൻ ഭാഷ സംസാരിച്ച, നന്മനിറഞ്ഞ കലാകാരൻ. പലപ്പോഴും തന്റെ വലുപ്പം എന്തെന്ന് അദ്ദേഹം മനസ്സിലാക്കാറില്ലെന്ന് തോന്നാറുണ്ട്. പ്രവാസി സംഘടനകളും കൂട്ടായ്മകളുമെല്ലാം ക്ഷണിക്കുമ്പോൾ വലിയ ഡിമാൻഡുകളോ പ്രതിഫലമോ ആവശ്യപ്പെടാതെതന്നെ മാമുക്കോയ എത്തും. വലിയ സൗകര്യങ്ങളോ ആർഭാടങ്ങളോ ഒരിക്കലും ആവശ്യപ്പെടാറില്ല. എന്നും എളിമയോടെയായിരുന്നു ഇടപെടൽ’’ -ഷെരീഫ് ചെരണ്ടത്തൂർ പറഞ്ഞു.
നല്ലൊരു വായനക്കാരനും എല്ലാ വിഷയങ്ങളിലും കാഴ്ചപ്പാടും നിലപാടുകളുമുള്ള വ്യക്തിയായാണ് മാമുക്കോയയെ അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിൽ പരിപാടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയശേഷം ഏതാനും സുഹൃത്തുക്കൾ മാത്രമുള്ള ‘ഖത്തർ മാമുക്കോയ ഫാൻസ്’ വാട്സ്ആപ് ഗ്രൂപ്പിലെ സജീവ സാന്നിധ്യവുമായിരുന്നു അതുല്യ നടൻ. എപ്പോഴും തമാശകളും മറ്റുമായി വാട്സ്ആപ് ഗ്രൂപ്പിൽ സജീവമാവുന്ന സഹൃദയനായിരുന്നു അദ്ദേഹമെന്ന് ഷെരീഫ് ചെരണ്ടത്തൂർ ഓർക്കുന്നു.
എപ്പോഴും ഫോണിൽ നേരിട്ട് ലഭ്യമാവുന്ന നടൻ. ഏത് തിരക്കിലും തന്നെ തേടിയെത്തുന്നവരെ ഹൃദ്യമായി സ്വീകരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന അഭിനേതാവ്... അങ്ങനെ മാമുക്കോയക്ക് മാത്രം ഒരുപിടി സവിശേഷതകളുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.
ഏറെക്കാലം ദൂരെനിന്ന് നോക്കിക്കണ്ട മാമുക്കോയയുമായി എട്ടുവർഷമായി സൂക്ഷിക്കുന്ന അടുത്ത ബന്ധമാണ് ഖത്തറിലെ സാംസ്കാരിക പ്രവർത്തകനും കോഴിക്കോട് പ്രവാസി അസോസിയേഷൻ ഭാരവാഹിയുമായ ഗഫൂർ കോഴിക്കോടിന് പങ്കുവെക്കാനുള്ളത്.
ടെലിഫോണിൽ വിളിച്ച് ഖത്തറിൽനിന്ന് ഗഫൂറാണെന്ന് പറയുമ്പോൾ, മറുതലക്കൽ ‘ഗഫൂർകാ ദോസ്ത്’ എന്നായിരിക്കും മാമുക്കോയയുടെ മറുപടി.
2018 അവസാനം ദോഹയിൽ പ്രവർത്തനമാരംഭിച്ച സ്വകാര്യ റസ്റ്റാറന്റിന്റെ ഉദ്ഘാടനത്തിനായിരുന്നു താരം അവസാനമായി ദോഹയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.