സുരക്ഷയിൽ സഹകരിക്കാൻ ഖത്തറും സൗദിയും
text_fieldsദോഹ: സുരക്ഷ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നത് ഉൾപ്പെടെ നിർണായക മേഖലയിലെ സഹകരണം സംബന്ധിച്ച കരാറിൽ ഒപ്പുവെച്ച് ഖത്തറും സൗദിയും. ഖത്തർ സന്ദർശിക്കുന്ന സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദും ഖത്തർ ആഭ്യന്തര മന്ത്രിയും സുരക്ഷ വിഭാഗമായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കു പിറകെയാണ് സുരക്ഷ സഹകരണ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ ശാസ്ത്ര, പരിശീലന, ഗവേഷണത്തിലും സഹകരിക്കും.
സഹോദര രാജ്യങ്ങളുടെ കാഴ്ചപ്പാട് കൈവരിക്കുന്ന വിധത്തിൽ വിവിധ മേഖലകളിലെ സഹകരണം ഫലപ്രാപ്തിയിലെത്തുമെന്നും, വിജയകരമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് കൂടിക്കാഴ്ചക്കുശേഷം ശൈഖ് ഖലീഫ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു. അമീർ അബ്ദുൽ അസീസ് ബിൻ സൗദ് വ്യാഴാഴ്ച ദുഹൈലിലെ ലഖ്വിയ ആസ്ഥാനം സന്ദർശിച്ചു. ഖത്തറിന്റെ പാരമ്പര്യത്തിന്റെ കൂടി അടയാളമായ 1900ൽ നിർമിച്ച മുൻ അമീർ ശൈഖ് അബ്ദുല്ല ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ തോക്ക് സമ്മാനിച്ച് അദ്ദേഹത്തെ വരവേറ്റു. ഇരുരാജ്യങ്ങളും തമ്മിലെ ഹൃദ്യമായ സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകം കൂടിയായാണ് ചരിത്ര പ്രാധാന്യമുള്ള തോക്ക് സൗദി ആഭ്യന്തര മന്ത്രിക്ക് സമ്മാനമായി നൽകിയത്.
തുടർന്ന് ലഖ്വിയയുടെ വിവിധ സുരക്ഷ യൂനിറ്റുകളും വിഭാഗങ്ങളും ചേർന്ന് നടത്തിയ അഭ്യാസ പ്രകടനങ്ങൾക്കും സാക്ഷിയായി. ഖത്തറിലെ സൗദി അംബാസഡർ പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ അബ്ദുല്ല അൽ ഫർഹാൻ അൽ സൗദസ്, സൗദിയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് ആൽ അതിയ്യ, ലഖ്വിയയിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ശേഷം, കതാറ കൾചറൽ വില്ലേജിൽ നടക്കുന്ന ഫാൽകൺ അന്താരാഷ്ട്ര പ്രദർശന വേദിയിലും സൗദി ആഭ്യന്തര മന്ത്രിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.