വ്യാപാര, സൈനിക കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും തുർക്കിയയും
text_fieldsദോഹ: വ്യാപാര, സൈനിക, സാങ്കേതിക സഹകരണം തുടങ്ങിയ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും തുർക്കിയയും. അങ്കാറയിൽ നടന്ന ഖത്തർ -തുർക്കിയ പത്താമത് സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിനു പിന്നാലെയാണ് വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും, തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാനും അധ്യക്ഷത വഹിച്ചു. മീഡിയ കമ്യൂണിക്കേഷൻ, യൂത്ത് ആൻഡ് സ്പോർട്സ്, അന്താരാഷ്ട്ര ഗതാഗത-ചരക്കുനീക്കം, വാണിജ്യം, പ്രതിരോധ സഹകരണം എന്നിവക്കു പുറമെ, എയർക്രാഫ്റ്റുകൾക്കും, നാവിക സേനാ കപ്പലുകൾക്കും ലോജിസ്റ്റിക്സ് പിന്തുണ സംബന്ധിച്ച് ഖത്തർ പ്രതിരോധ മന്ത്രാലയവും തുർക്കിയ നാഷനൽ ഡിഫൻസും കരാറിൽ ഒപ്പുവെച്ചു.
വ്യാഴാഴ്ച രാവിലെ തുർക്കിയയിലെത്തിയ അമീറിന് ഹൃദ്യമായ വരവേൽപ്പാണ് അങ്കാറയിൽ ഒരുക്കിയത്. പ്രസിഡൻഷ്യൽ കോപ്ലക്സിൽ ഇരു രാഷ്ട്ര നേതാക്കളും കൂടിക്കാഴ്ച നടത്തി.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഖത്തറിന്റെ നയതന്ത്ര, മാനുഷിക ഇടപെടലുകളെ തുർക്കിയ പ്രസിഡന്റ് അഭിനന്ദിച്ചു. ഗസ്സയിലെയും, ലബനാനിലെയും ഇസ്രായേൽ ആക്രമണവും, സമാധാനം സ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾ സംബന്ധിച്ചും ചർച്ചചെയ്തു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി, ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി, വിദേശകാര്യസഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി എന്നിവർ സുപ്രീംകമ്മിറ്റി സ്ട്രാറ്റജിക് യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.