ഇരട്ട നികുതി ഒഴിവാക്കി ഖത്തറും യു.എ.ഇയും
text_fieldsദോഹ: ഇരട്ട നികുതി ഒഴിവാക്കാനും ആദായ നികുതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിനുമായി കരാറിൽ ഒപ്പുവെച്ച് ഖത്തറും യു.എ.ഇയും. ദോഹയിൽ നടന്ന ജി.സി.സി സാമ്പത്തിക സഹകരണ കമ്മിറ്റി യോഗത്തിലാണ് ഇരുരാജ്യങ്ങളുടെയും ധനകാര്യ മന്ത്രിമാർ ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും നികുതി വിവരങ്ങള്‍ പരസ്പരം കൈമാറാനും നികുതിവെട്ടിപ്പും നികുതി സംബന്ധമായ രേഖകളുടെ ദുരുപയോഗം തടയാനും കഴിയും.
ദോഹയിൽ നടന്ന സാമ്പത്തിക സഹകരണ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും കരാറിൽ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാകുന്നതാണ് പുതിയ കരാർ. ഒപ്പം, രാജ്യങ്ങൾക്കിടയിലെ സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനികളെയും വ്യക്തികളെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഇരട്ടനികുതിയിൽനിന്ന് പൂർണമായ സംരക്ഷണവും ഉറപ്പാക്കും. സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റത്തിൽ സുതാര്യത ഉറപ്പാക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയുമെന്ന് കരാറിൽ ഒപ്പുവെച്ചുകൊണ്ട് ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു. സർക്കാറുകളും വ്യക്തികളും തമ്മിലുള്ള വ്യാപാര സഹകരണവും നിക്ഷേപ സാധ്യതകൾ വർധിപ്പിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.