യു.എ.ഇ അംബാസഡറെ പ്രഖ്യാപിച്ച് ഖത്തർ
text_fieldsദോഹ: ആറു വർഷത്തെ ഇടവേളക്കുശേഷം എംബസികൾ തുറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ യു.എ.ഇയിലെ അംബാസഡറെ പ്രഖ്യാപിച്ച് ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഡോ. സുൽത്താൻ സൽമീൻ സഈദ് അൽ മൻസൂരിയെ യു.എ.ഇയിലെ പുതിയ അംബാസഡറായി പ്രഖ്യാപിച്ചത്.
2017ലെ ഗൾഫ് ഉപരോധ ശേഷം, എമിറേറ്റ്സിലേക്കുള്ള ഖത്തറിന്റെ ആദ്യ നയതന്ത്ര പ്രതിനിധിയാണ് ഇദ്ദേഹം. ഒരു മാസം മുമ്പായിരുന്നു ഇരു രാജ്യങ്ങളിലും എംബസി ആസ്ഥാനങ്ങൾ തുറന്നു പ്രവർത്തനമാരംഭിച്ചത്. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ എന്നീ നാലു രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം, 2021 ജനുവരിയിൽ നടന്ന അൽ ഉല ഉച്ചകോടിയോടെയാണ് പിൻവലിക്കപ്പെട്ട് സാധാരണ നിലയിലായത്.
തുടർന്ന് നടന്ന ജി.സി.സി പിന്തുടർച്ച യോഗങ്ങളുടെ ഭാഗമായി എംബസികൾ തുറന്ന് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തന്നെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഖത്തറും യു.എ.ഇയും തീരുമാനിച്ചിരുന്നു.
അൽ ഉല ഉച്ചകോടിക്കു പിന്നാലെ സൗദിയും ഈജിപ്തും എംബസികൾ തുറന്ന്, അംബാസഡർമാരെ നിയമിച്ച് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചിരുന്നു. രണ്ടു മാസം മുമ്പ് ബഹ്റൈനുമായും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായി. എംബസി തുറന്ന്, നയതന്ത്ര പ്രതിനിധിയെ നിയമിക്കാൻ വൈകിയെങ്കിലും ഖത്തറും യു.എ.ഇയും തമ്മിൽ സൗഹൃദ ബന്ധം നേരത്തേ തന്നെ ശക്തമാക്കിയിരുന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇതിനകം പലതവണയായി യു.എ.ഇ സന്ദർശിച്ചു. ലോകകപ്പ് ഫുട്ബാൾ വേളയിൽ യു.എ.ഇ രാഷ്ട്രത്തലവന്മാർ ഖത്തറിന്റെ അതിഥികളായി ദോഹയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.