ഖത്തറിനെ പകർത്തിയ ‘ആർട്ട് ബീറ്റി’ന് ഗിന്നസ് റെക്കോഡ്
text_fieldsദോഹ: ഏറ്റവും കൂടുതൽ പേരുടെ സംഭാവനകളോടെ നിർമിത ബുദ്ധിയിൽ സൃഷ്ടിച്ച ചിത്രം എന്ന ഗിന്നസ് റെക്കോഡുമായി ഖത്തർ മീഡിയ സിറ്റി നേതൃത്വത്തിൽ പൂർത്തിയാക്കിയ ‘ഖത്തർ ആർട്ട് ബീറ്റ്’. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഖത്തരി പൈതൃകവും ദേശീയതയുമെല്ലാം ഒന്നിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെ മീഡിയ സിറ്റിയും ഗൂഗ്ൾ ക്ലൗഡും ചേർന്ന് എ.ഐ പിന്തുണയിൽ ഖത്തർ ആർട്ട് ബീറ്റ് പൂർത്തിയാക്കിയത്. ദേശീയദിനത്തോടനുബന്ധിച്ച് ഗൂഗ്ൾ ക്ലൗഡുമായി സഹകരിച്ച് മീഡിയ സിറ്റി നടത്തിയ കാമ്പയിൻ 54 ലക്ഷം ആളുകളിലേക്ക് എത്തുകയും, രാജ്യത്തുടനീളം 68,000 എൻഗേജ്മെന്റുകൾ നേടുകയും ചെയ്തു.
മീഡിയ സിറ്റി ഖത്തറിന്റെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പേജുകൾ വഴി പങ്കുവെച്ച ചോദ്യങ്ങൾക്ക് 15,000ത്തിലധികം മറുപടികളാണ് ലഭിച്ചത്. ഗൂഗ്ൾ ക്ലൗഡിന്റെ അത്യാധുനിക വെർട്ടെക്സ് എ.ഐ പ്ലാറ്റ്ഫോം, ജെമിനി മോഡലുകൾ, ഗൂഗ്ൾ ബിഗ്ക്വയറി ഡേറ്റ പ്ലാറ്റ്ഫോം എന്നിവയെല്ലാം ഈ ഉദ്യമത്തിൽ അണിനിരന്നു.
ഖത്തർ ദേശീയദിനവുമായി ബന്ധപ്പെട്ട ആശയങ്ങൾ വിശകലനം ചെയ്താണ് കലാസൃഷ്ടിയുടെ രൂപകൽപന നടന്നത്. ഖത്തറിന്റെ ദേശീയ പ്രതീകങ്ങളായ ഒട്ടകം, ഫാൽകൺ, പായ്വഞ്ചികളും മുതൽ ദേശീയ പതാകയും ഫുട്ബാളും ഖത്തർ എയർവേസും ഐകണിക് കെട്ടിടങ്ങളുമെല്ലാം ഉൾക്കൊണ്ടാണ് ചിത്രനിർമാണം പൂർത്തിയാക്കിയത്. ഗൂഗ്ൾ ക്ലൗഡുമായുള്ള സഹകരണത്തിലൂടെ ലോക റെക്കോഡ് നേട്ടത്തിലെത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മീഡിയ സിറ്റി സി.ഇ.ഒ എൻജി. ജാസിം മുഹമ്മദ് അൽ ഖോരി പറഞ്ഞു.
ചരിത്ര നേട്ടത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ദേശീയദിനത്തിൽ രാജ്യത്തിന്റെ പൊതുവികാരത്തെ അതിശയകരമായ ഒരു ദൃശ്യകലാ സൃഷ്ടിയായി മാറ്റാൻ സാധിച്ചതായും ഗൂഗ്ൾ ക്ലൗഡ് റീജ്യനൽ ജനറൽ മാനേജർ ഗസ്സാൻ കോസ്റ്റ പറഞ്ഞു. ഡിസംബർ ഒമ്പതിനും 17നും ഇടയിൽ ഖത്തർ ബീറ്റ് ആക്ടിവേഷൻ ചോദ്യങ്ങളിലൂടെ ജനങ്ങളുടെ പ്രതികരണങ്ങൾ ക്ഷണിച്ചിരുന്നു.നിരവധി പേരാണ് ഇതിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.