ദേശാടനപ്പക്ഷികളുടെ പറുദീസയായി ഖത്തർ
text_fieldsദോഹ: കാതങ്ങൾ താണ്ടിയെത്തുന്ന പക്ഷികൾക്ക് ഖത്തർ ഇഷ്ടകേന്ദ്രം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ പരിസ്ഥിതി സംരക്ഷണ പദ്ധതികളും, വേട്ടയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയതോടെയാണ് ദേശാടനപ്പക്ഷികളുടെ പറുദീസയായി നാട് മാറുന്നത്.
ദേശാടനപ്പക്ഷികൾക്ക് ഇടത്താവളമൊരുക്കുന്നതിനാവശ്യമായ മികച്ച ആവാസ വ്യവസ്ഥയും അവശ്യ വസ്തുക്കളായ ഭക്ഷണം, ജലം, താമസയിടം എന്നിവയുടെ ലഭ്യതയുമാണ് ദേശാടനപ്പക്ഷികൾക്ക് ഖത്തറിനോട് മുഹബ്ബത്ത് കൂട്ടുന്നത്. ഖത്തറിലെത്തുന്നതും ഖത്തറിന് മുകളിലൂടെ പറക്കുന്നവയുമായ എല്ലാ ദേശാടനപ്പക്ഷികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് ഭരണകൂടം വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. വലിയ പാർക്കുകളും വിശാലമായ ഹരിതാഭ മേഖലകളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും നിരവധിയുണ്ടിവിടെ. ഇതിനാൽ, ദേശാടനപ്പക്ഷികൾക്ക് കൂടുതൽ കാലം ഇവിടെ തങ്ങാനാവുന്നുണ്ട്.
വർഷം തോറും പുതിയയിനം ദേശാടനപ്പക്ഷികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണ നിയമം നടപ്പാക്കുന്നതിൽ രാജ്യം കാർക്കശ്യം കാണിക്കുന്നുണ്ട്.ഖത്തറിലെത്തുന്ന ദേശാടനപ്പക്ഷികൾ ഇവിടെ കൂടുകൂട്ടാനും പ്രജനനം നടത്താനും ആരംഭിച്ചത് പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ വിജയമാണെന്ന് മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണ വിഭാഗം മേധാവി താലിബ് ഖാലിദ് അൽ ഷഹ്വാനി ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ആദ്യമെത്തുന്നവൻ ഹുദ്ഹുദ്
ഹൂപൂ (അറബിയിൽ ഹുദ്ഹുദ്) എന്ന പക്ഷിയാണ് ഖത്തറിലെത്തുന്ന ആദ്യ ദേശാടനപ്പക്ഷി. സെപ്റ്റംബറിൽ ചൂട് കുറയുന്നതോടെ ഹുദ്ഹുദുകൾ ഇവിടെയെത്തും. ശൈത്യകാലത്തേക്ക് കടക്കുന്നതോടെ ഖത്തറിലെത്തുന്ന ദേശാടനപ്പക്ഷികളുടെ എണ്ണം വർധിക്കും. അപൂർവയിനങ്ങളിൽ പെടുന്ന 65 പക്ഷികളുൾപ്പെടെ 280 ഇനം പക്ഷികളെ ഖത്തറിൽ കണ്ടുവരുന്നുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാന തടാകങ്ങളിലൊന്നായ അൽ കരാന ഇതിനകം തന്നെ നിരവധി പക്ഷികളുടെ ഇടത്താവളമായി മാറിയിട്ടുണ്ട്. കൂടാതെ വ്യത്യസ്ത ഇനം പക്ഷികളുടെ സ്ഥിരം സങ്കേതവുമാണിവിടം. പെലിക്കൺ പക്ഷികളുടെ ഇഷ്ടകേന്ദ്രവുമാണ് ഈ തടാകം. ഖത്തർ മുറിച്ചുകടക്കുന്ന ദേശാടനപ്പക്ഷികളുടെ പ്രധാന ഇടത്താവളം കൂടിയാണ് തടാകം. എല്ലാ വർഷവും സീസണിൽ വിരുന്നെത്തുന്ന രാജഹംസ പക്ഷികളെ (ഫ്ലെമിംഗോ) കാണാനും ചിത്രം പകർത്താനും നിരവധി വന്യജീവി ഫോട്ടോഗ്രാഫർമാരാണ് ഇവിടെയെത്തുന്നത്. കരാനക്ക് പുറമെ അറേബ്യൻ ഒറിക്സ്, ഗാസൽസ് ഇനത്തിൽപെടുന്ന മാൻ തുടങ്ങിയ അപൂർവ ജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വിവിധയിടങ്ങളിൽ സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
കർക്കശമായ വേട്ട നിരോധന നിയമം
പ്രത്യേക പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടുന്നതുമായി ബന്ധപ്പെട്ട് വേട്ടസീസൺ നിയന്ത്രിക്കുന്നതിന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എൻജി. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി ആൽ സുബൈഇ ഈയിടെ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരിസ്ഥിതി, വന്യജീവി സംരക്ഷണത്തിലെ പ്രധാന ചുവടുവെപ്പുകളിലൊന്നാണിത്. മന്ത്രാലയ ഉത്തരവ് പ്രകാരം, ചില ദേശാടനപ്പക്ഷികളെ വേട്ടയാടുന്നതിനുള്ള കാലയളവ് 2020 സെപ്റ്റംബർ ഒന്നുമുതൽ 2021 മേയ് ഒന്നുവരെയായിരിക്കും. ഹുബാറ പക്ഷികളെ വേട്ടയാടുന്നതിന് ഫാൽക്കണുകളെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
പാരമ്പര്യേതര വേട്ട ഉപകരണങ്ങൾ, പ്രത്യേകിച്ച് സവായാത് പോലെയുള്ള ഇലക്േട്രാണിക് ബേഡ് കാളർ ഉപയോഗിക്കുന്നതോ കൈമാറുന്നതോ നിരോധിച്ചിട്ടുണ്ട്. ഈ വർഷം നവംബർ ഒന്നുമുതൽ 2021 ഡിസംബർ 15 വരെയായിരിക്കും മുയലുകളെ വേട്ടയാടുന്നതിനുള്ള കാലയളവ്. ഫാൽക്കൺ, വേട്ടനായ്ക്കൾ എന്നിവ മാത്രമേ വേട്ടക്ക് ഉപയോഗിക്കാൻ പാടുള്ളൂ.മറ്റു പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയോ പക്ഷികളെയോ വേട്ടയാടുന്നത് വർഷം മുഴുവൻ നിരോധിച്ചിട്ടുണ്ട്. ഇതിൽ ഖത്തറിൽ കാണപ്പെടുന്ന അൽ അസ്റാദ്, അൽ ഖൗബിയ, സുവൈദ പബാത്, അൽ ഹംറ, അൽ അദ്റാജ്, ഗാസൽസ്, ഒട്ടകപ്പക്ഷികൾ എന്നിവ ഉൾപ്പെടുമെന്നും താലിബ് ഖാലിദ് അൽ ഷഹ്വാനി ചൂണ്ടിക്കാട്ടി.
നിയമലംഘനം നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും 10000 റിയാലിൽ കുറയാത്ത പിഴയുമാണ് ശിക്ഷ. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്.
അറേബ്യൻ ഒറിക്സ് മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.