ജി.സി.സിയിലെ സാമ്പത്തിക കരുത്തായി ഖത്തർ
text_fieldsദോഹ: വരും വർഷങ്ങളിലും മേഖലയിലെ സാമ്പത്തിക വളർച്ചയിൽ ഖത്തറിന്റെ കുതിപ്പ് പ്രവചിച്ച് ലോകബാങ്ക്. ലോകകപ്പിനു ശേഷവും സാമ്പത്തിക വളര്‍ച്ചയില്‍ ജി.സി.സിയില്‍ ഖത്തര്‍ ഒന്നാമതെത്തുമെന്ന് ലോകബാങ്കിന്റെ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖത്തറിന് ഈ വര്‍ഷം 3.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇ 2.8 ശതമാനവും സൗദി 2.2 ശതമാനവും വളര്‍ച്ച നേടും.
ബഹ്റൈനില്‍ 2.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഒമാന്‍ 1.5 ശതമാനം, കുവൈത്ത് 1.3 ശതമാനം എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച. ലോകകപ്പ് ഫുട്ബാള്‍ സമയത്തെ റെക്കോഡ് നേട്ടത്തിന് പിന്നാലെ ഈ വര്‍ഷം ആദ്യഘട്ടത്തില്‍ ഖത്തറിന്റെ സമ്പദ്ഘടനയില്‍ നേരിയ കുറവുണ്ടായിരുന്നു.
മാത്രമല്ല, ആഗോള സാമ്പത്തിക മാന്ദ്യവും എണ്ണവിപണിയിലെ ഏറ്റക്കുറച്ചിലുകളും കാരണം മിഡിലീസ്റ്റ് വടക്കേ ആഫ്രിക്ക മേഖലയില്‍ ഒന്നാകെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. അതേസമയം, ഈ വര്‍ഷം ആദ്യ പാദത്തില്‍ ഖത്തറിന് 19.7 ബില്യണ്‍ റിയാലിന്റെ ബജറ്റ് മിച്ചം ഉണ്ടായിരുന്നു. ഇത് സര്‍വകാല റെക്കോഡാണ്.
ആദ്യ പാദത്തിൽ 6860 കോടി റിയാലിന്റെ വരുമാനമാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. ഓയിൽ, ഗ്യാസ് വകയിൽ 6340 കോടി റിയാലാണ് വരുമാനം. ഓയിൽ ഇതര വിഭാഗങ്ങളിൽനിന്ന് 520 കോടി റിയാലും. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലും രാജ്യത്തിന്റെ സാമ്പത്തിക മേഖല മികച്ച പ്രകടനം കാഴ്ചവെച്ചതായും ധനമന്ത്രി അലി ബിൻ അൽ കുവാരി ദോഹ ഇക്കണോമിക് ഫോറത്തിൽ പറഞ്ഞിരുന്നു. 32 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.