ക്രൂസ് ടൂറിസത്തിന്റെ കേന്ദ്രമായി ഖത്തർ
text_fieldsദോഹ: കര, വ്യോമമാർഗമുള്ള സഞ്ചാരികൾക്കൊപ്പം ക്രൂസ് കപ്പലുകളിലെത്തുന്ന വിനോദ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമായി ഖത്തർ മാറുന്നു. ആറു മാസം നീണ്ടുനിന്ന ക്രൂസ് സീസണിന് ഏപ്രിൽ അവസാനത്തോടെ കൊടിയിറങ്ങിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് കുറിച്ചു. ഒക്ടോബറിൽ ആരംഭിച്ച സീസണിൽ 73 ആഡംബര കപ്പലുകളിലായി 3.78 ലക്ഷം സന്ദർശകരാണ് ദോഹയിൽ തീരമണഞ്ഞതെന്ന് ‘മവാനി’ ഖത്തർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പഴയ ദോഹ തുറമുഖത്തിന്റെ സൗകര്യങ്ങളുടെ വികസനവും വിനോദസഞ്ചാരികൾക്കും കപ്പലുകൾക്കുമായുള്ള വൈവിധ്യമാർന്ന അനുഭവങ്ങളുമാണ് ഖത്തറിലെ ക്രൂസ് ടൂറിസത്തിന്റെ വിജയത്തിന് നേട്ടമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. മേഖലയിലെ ക്രൂസ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുകയാണെന്നും ഈയിടെ നടന്ന ഒരു പരിപാടിക്കിടെ അൽ ഖർജി കൂട്ടിച്ചേർത്തു.ഗൾഫ് മേഖലയിലേക്കുള്ള ക്രൂയിസ് ലൈനറുകളുടെ നിരവധി കന്നിയാത്രകൾക്ക് ഈ സീസൺ സാക്ഷ്യം വഹിച്ചതായും, ക്രൂസ് ടൂറിസം രംഗത്തെ ആഗോള ലക്ഷ്യസ്ഥാനമായി വളരുന്ന ഖത്തറിന്റെ ഉയർച്ചയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രൂസ് കപ്പലുകളുടെ വരവിനെയോ സീസണിനെയോ തടസ്സപ്പെടുത്താതെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദോഹ പോർട്ട് സി.ഇ.ഒ മുഹമ്മദ് അൽ മുല്ല ചൂണ്ടിക്കാട്ടി. 2017 മുതൽ 2022 വരെയുള്ള തുറമുഖത്തിന്റെ വികസന ഘട്ടങ്ങളിൽ പോലും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. ഖത്തറിന്റ ടൂറിസം മേഖലയിലെ മറ്റൊരു നാഴികക്കല്ലായി ഈ വർഷം നവംബർ ആറ് മുതൽ ഒമ്പതു വരെ നടക്കുന്ന പ്രഥമ ഖത്തർ ബോട്ട് ഷോ മാറുമെന്നും കേവലം യാച്ചുകളിൽ മാത്രമായി ഇത് ഒതുങ്ങുകയില്ലെന്നും അൽ മുല്ല പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 20000ലധികം സന്ദർശകരെയാണ് ബോട്ട് ഷോയിലേക്ക് പ്രതീക്ഷിക്കുന്നതെന്നും, പ്രദർശകരും ബ്രാൻഡുകളും ഉൾപ്പെടെ 450ലധികം എക്സിബിറ്റേഴ്സ് ഇതിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രൂസ് സീസണിന്റെ സമാപനങ്ങളുടെ ഭാഗമായി ആഘോഷ പരിപാടികൾ ഖത്തർ ടൂറിസം സംഘടിപ്പിച്ചു. വിവിധ ക്രൂസ് കമ്പനികൾ, ആഭ്യന്തര സുരക്ഷാ പങ്കാളികൾ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു സീസൺ കൊടിയിറക്കം ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.