ഈദ് ആഘോഷകേന്ദ്രമായി ഖത്തർ
text_fieldsദോഹ: പെരുന്നാൾ അവധിക്കാലത്ത് ഗൾഫിലെ ഏറ്റവും ശ്രദ്ധേയമായ സഞ്ചാരകേന്ദ്രമായി ഖത്തർ. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ കോണുകളിലായി പെരുന്നാൾ ആഘോഷപരിപാടികൾ പൊടിപൊടിച്ചപ്പോൾ അയൽരാജ്യങ്ങളിൽനിന്നും ഏറെ സന്ദർശകർ ഒഴുകിയത് ഖത്തറിലേക്കാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൗദി, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് റോഡ് മാർഗവും വ്യോമപാതയിലുമായി ഖത്തറിൽ പെരുന്നാൾ കൂടാനെത്തിയത്. ഖത്തർ ടൂറിസം, ഖത്തർ എയർവേസ്, സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ വിവിധ കേന്ദ്രങ്ങൾ, സൂഖ് വാഖിഫ്, കതാറ, ലുസൈൽ ബൊളെവാഡ്, ദോഹ കോർണിഷ് ഉൾപ്പെടെ വിവിധ ഇടങ്ങൾ വേദിയായ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളാകാനാണ് വിവിധ രാജ്യക്കാർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. വിനോദ, കലാസാംസ്കാരിക പരിപാടികൾ സന്ദർശകർക്ക് ആകർഷകമായി.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അയൽരാജ്യങ്ങളിൽനിന്നും പെരുന്നാൾ അവധിക്കായി സന്ദർശകരുടെ സാന്നിധ്യം കൂടിയെന്ന് ട്രാവൽ ആൻഡ് ടൂറിസം മേഖലയിലുള്ളവർ പറഞ്ഞു.
ഖത്തറിലെ വിവിധ ഇടങ്ങളിലെ പെരുന്നാൾ പരിപാടികൾ ആകർഷണീയമായിരുന്നുവെന്ന് സൂഖ് വാഖിഫിൽനിന്നും സൗദി കുടുംബത്തെ ഉദ്ധരിച്ച് ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ‘കുടുംബത്തിനൊപ്പം റിയാദിൽ നിന്നു റോഡുമാർഗമാണ് ഖത്തറിലെത്തിയത്. കഴിഞ്ഞ തവണ സന്ദർശിച്ചതിനേക്കാൾ ഖത്തർ ഏറെ വികസിച്ചിരിക്കുന്നു. മനോഹരമാണ് ഓരോ മേഖലയിലെയും കാഴ്ചകൾ’ -സൗദിയിൽനിന്നുള്ള സഞ്ചാരി പറഞ്ഞു.
ഹയ്യാ പ്ലാറ്റ്ഫോം വഴി ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും അനായാസം പ്രവേശനം അനുവദിച്ചതും നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിയതും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചതായി വ്യക്തമാക്കി. ഹയ്യാ പ്ലാറ്റ്ഫോം സജീവമായതോടെ ഈദ് അവധിദിനത്തിലെ യാത്രക്കാരുടെ ഒഴുക്കിൽ 70-80 ശതമാനം വളർച്ചയുണ്ടായതായി ടൂറിസം സ്പെഷലിസ്റ്റ് അഹമ്മദ് ഹുസൈൻ പറഞ്ഞു.
പെരുന്നാളിനു മുമ്പായി മൂന്നു പുതിയ ഇ-വിസ പദ്ധതികളായിരുന്നു ഖത്തർ ടൂറിസം പ്രഖ്യാപിച്ചത്. ഓൺ അറൈവൽ വിസയില്ലാത്ത രാജ്യക്കാർക്കുള്ള വിസ സംവിധാനം, ജി.സി.സി രാജ്യക്കാർക്ക് തൊഴിൽ വ്യത്യാസമില്ലാതെ ഇ-വിസ, അമേരിക്ക, കാനഡ, ഷെങ്കൻ, ബ്രിട്ടൻ, ന്യൂസിലൻഡ്, ആസ്ട്രേലിയ രാജ്യങ്ങളുടെ വിസയുള്ളവർക്ക് ഹോട്ടൽ ബുക്കിങ് ഇല്ലാതെ യാത്രാനുമതി എന്നിവ ഉപയോഗപ്പെടുത്തി അവധിക്കാലങ്ങളിൽ സഞ്ചാരികളുടെ എണ്ണവും വർധിച്ചു.
ഈദ് അവധിക്കാലത്തെ വ്യത്യസ്തങ്ങളായ പരിപാടികൾ പ്രാദേശിക ടൂറിസം മേഖലയിലും വളർച്ച ശക്തിപ്പെടുത്തിയതായി ട്രാവൽ എക്സ്പേർട്ട് മുസാദ് എലിവിയ പറഞ്ഞു. സൗദി, കുവൈത്ത് ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും കഴിഞ്ഞ ദിവസങ്ങളിൽ ബുക്കിങ് കാര്യമായി വർധിച്ചതായി ഇദ്ദേഹം പറഞ്ഞു. ഇതിനു പുറമെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായി. ആഡംബര സന്ദർശനകേന്ദ്രം എന്ന നിലയിലും ഖത്തറിനെ സഞ്ചാരികൾ തങ്ങളുടെ പ്രധാന ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി മുസാദ് എലിവിയ പറഞ്ഞു.
‘ലോകകപ്പ് വേളയിൽ സന്ദർശകർ സ്റ്റേഡിയങ്ങളിലേക്കും കളി കാണാൻ ഫാൻ സോണിലേക്കുമുള്ള യാത്രകളിലും വിശ്രമത്തിലുമായിരുന്നു ഏറെയും സമയം ചെലവഴിച്ചത്. പലർക്കും വിനോദകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും ആസ്വദിക്കുന്നതിനും സമയമില്ലാതായി. ഈദ് അവധിക്കാലത്ത് അവർക്കെല്ലാം മികച്ച അവസരങ്ങളാണ് ഖത്തർ തുറന്നുനൽകിയത് -ട്രാവൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കരിമരുന്നുപ്രയോഗങ്ങൾ, മ്യൂസിക് ബാൻഡ്, ഈദ് മത്സരങ്ങൾ, കലാപരിപാടികൾ, സംഗീതനിശകൾ ഉൾപ്പെടെ വിവിധ മേളകൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ വേദിയായത്. ലുസൈൽ വിന്റർ വണ്ടർലാൻഡിൽ ഏപ്രിൽ 21 മുതൽ 28 വരെ ഡിസ്കൗണ്ട് റേറ്റിലാണ് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്. കുതിരയോട്ടം, അമ്പെയ്ത്ത്, അറേബ്യൻ ഹോസ് പരേഡ്, ശിൽപശാലകൾ എന്നിവ നടന്ന അൽ ഷഖാബ് ഈദ് ഫെസ്റ്റിവൽ ചൊവ്വാഴ്ച സമാപിച്ചു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ക്യു.എൻ.സി.സിയിൽ ഖത്തർ ടൂറിസം സംഘടിപ്പിച്ച ഖത്തർ ലൈവ് സംഗീത പരിപാടികൾക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.