ജി.സി.സി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഖത്തർ
text_fieldsദോഹ: ചൂടുകാലം മാറി, തണുപ്പ് സജീവമായതിനു പിന്നാലെ ഖത്തറിൽ അവധി ദിവസങ്ങളും വാരാന്ത്യങ്ങളും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ജി.സി.സി പൗരന്മാരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഭൂരിഭാഗം വിനോദസഞ്ചാരികൾക്കും ഖത്തർ പ്രധാന ലക്ഷ്യസ്ഥാനമായി മാറിയെന്ന് പ്രാദേശിക ദിനപത്രമായ അൽ റായ റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ അന്തരീക്ഷ താപനില കുറയാൻ തുടങ്ങിയതോടെയാണ് ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധന രേഖപ്പെടുത്തിത്തുടങ്ങിയത്.
കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ ആയിട്ടെത്തുന്ന സന്ദർശകർ തങ്ങളുടെ ഖത്തറിലെ യാത്ര ആരംഭിക്കുന്നത് തലസ്ഥാന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന സൂഖ് വാഖിഫ് സന്ദർശനത്തോടെയാണ്. തുടർന്ന് ജനപ്രിയ സഞ്ചാരകേന്ദ്രങ്ങളായ മുശൈരിബ്, കതാറ കൾച്ചറൽ വില്ലേജ്, പഴയ ദോഹ തുറമുഖം, ലുസൈൽ, പേൾ ഐലൻഡ്, എക്സ്പോ 2023 എന്നിവിടങ്ങളിലേക്കും സന്ദർശനം വ്യാപിപ്പിക്കുന്നു.
യാത്രാ വേളകളിൽ കുടുംബങ്ങൾക്കാവശ്യമായ സ്വകാര്യത ഖത്തറിൽ ലഭിക്കുന്നുണ്ടെന്ന് സന്ദർശകരെ ഉദ്ധരിച്ച് ‘അൽ റായ’ റിപ്പോർട്ട് ചെയ്തു. എളുപ്പത്തിൽ എത്തിപ്പെടാനും സ്ഥലങ്ങൾ സന്ദർശിക്കാനും, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആസ്വദിക്കാനും സാധിക്കുന്നുവെന്ന് സന്ദർശകർ പറയുന്നു.
പാരമ്പര്യവും പൈതൃകവും നിലനിർത്തിക്കൊണ്ട് തന്നെ അത്യാധുനിക വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഖത്തർ വിജയിച്ചതായും മികച്ച പൊതു ഗതാഗത സംവിധാനം ഇവിടത്തെ വിനോദസഞ്ചാര മേഖലക്ക് മുതൽക്കൂട്ടാണെന്നും സന്ദർശകർ അഭിപ്രായപ്പെടുന്നു. ഖത്തറിലെത്തുന്നത് ഇതാദ്യമാണെന്നും രാജ്യത്തുടനീളം താൻ കണ്ട വികസനവും പരിഷ്കാരങ്ങളും ഏറെ അത്ഭുതപ്പെടുത്തിയതായും ബഹ്റൈനിൽ നിന്നുള്ള ഹസൻ അൽ ബൂറഷീദ് പറഞ്ഞു. മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതിനാൽ തന്നെ ഖത്തറിനെക്കുറിച്ച് അഭിമാനിക്കുന്നതായും ബൂറഷീദ് കൂട്ടിച്ചേർത്തു.
ഖത്തർ വാഗ്ദാനം ചെയ്യുന്ന സുരക്ഷ ഏറെ ആകർഷിച്ചെന്ന് ഒമാൻ പൗരനായ ഒമർ സലീം പറഞ്ഞു. ഇത് കുടുംബങ്ങളെക്കൂടി ഖത്തറിലേക്ക് ആകർഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്നും, ജി.സി.സി കുടുംബങ്ങൾ ഖത്തറിൽ അവർക്കാവശ്യമുള്ള സ്വകാര്യത ഏറെ അനുഭവിക്കുന്നതായും സലീം പറഞ്ഞു.
സെപ്റ്റംബറിൽ രാജ്യത്തെത്തിയ രണ്ട് ലക്ഷത്തിലധികം സന്ദർശകരിൽ 34 ശതമാനവും ജി.ജി.സി രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നുവെന്ന് കഴിഞ്ഞ ദിവസം പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.