മരുഭൂമിയിലെ മഴയനുഭവവുമായി ഗ്വങ്ജു ബിനാലെയിൽ ഖത്തർ
text_fieldsദോഹ: ദക്ഷിണ കൊറിയയിലെ ഗ്വാങ്ജു ബിനാലെയുടെ 15ാം പതിപ്പിൽ ശ്രദ്ധേയ സാന്നിധ്യമായി ഖത്തർ. കഴിഞ്ഞ ദിവസം ആരംഭിച്ച ബിനാലെയിൽ ഖത്തർ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിലുള്ള പവിലിയൻ പൊതുജനങ്ങൾക്കായി തുറന്നു നൽകി. ബിനാലെയിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമെന്ന റെക്കോഡുമായാണ് വൈവിധ്യമാർന്ന ഇൻസ്റ്റലേഷനോടെ ഖത്തറിന്റെ പങ്കാളിത്തം.
കലയിലൂടെ ഖത്തരി സംസ്കാരത്തിൽ മഴയുടെ പ്രാധാന്യം സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന പ്രദർശനമാണ് പവിലിയനിലെ പ്രധാന ആകർഷണം. ഖത്തരി സംസ്കാരവും മഴയും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സന്ദർശകരുമായി പങ്കുവെക്കുന്നതാണ് പ്രദർശനമെന്ന് ഖത്തർ നാഷനൽ മ്യൂസിയത്തിലെ മ്യൂസിയം അഫയേഴ്സ് ഉപമേധാവി ഥാനിയ അൽ മജീദ് പറഞ്ഞു.
സ്വദേശികളും താമസക്കാരുമായ ഏഴ് ഖത്തരി കലാകാരന്മാരുടെ പുതിയ കലാസൃഷ്ടികളുടെ പ്രകാശനത്തിനും പവിലിയൻ വേദിയായി അവർ കൂട്ടിച്ചേർത്തു.
ഡിസംബർ ഒന്നു വരെ തുടരുന്ന ബിനാലെയിലെ അവസാന ദിനം വരെ പവിലിയൻ പ്രവർത്തിക്കും.കൊടിയ വരൾച്ചയിൽ മഴക്കു വേണ്ടി നടത്തുന്ന പ്രാർഥനയായ സ്വലാത്തുൽ ഇസ്തിസ്ഖാഅ് (മഴയെ തേടുന്ന നമസ്കാരം) കേന്ദ്ര പ്രമേയമാക്കിയാണ് പ്രദർശനമൊരുക്കുന്നത്. അറബ്, ഇസ്ലാമിക സ്വത്വം, ജലം, പൊതു ഇടങ്ങളിലെ സാമുദായിക ഇടപഴകലും അനുഭവങ്ങളും എന്നിവ കലാസൃഷ്ടികളിലൂടെ അവതരിപ്പിക്കും.
അബ്ദുറഹ്മാൻ അൽ മുഫ്ത, ഫറാ അൽ സിദ്ദീഖി, ഫാതിമ അബ്ബാസ്, ഗ്വിലോമെ റൗസേരി, നദാ എൽ ഖറാഷി, ഹിന്ദ് അൽ സഅ്ദ്, സാറാ അൽ നഈമി എന്നിവരുടെ സൃഷ്ടികളാണ് ബിനാലെയിൽ കമീഷൻ ചെയ്യുന്നത്. സമകാലിക ആർട്ട് ബിനാലെയായ ഗ്വാങ്ജു ബിനാലെ 1995ലാണ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.