ആകാശം കളർഫുളാക്കാൻ ബലൂൺ ഫെസ്റ്റ്
text_fieldsദോഹ: ഖത്തറിന്റെ ആകാശത്ത് വർണങ്ങൾ വിരിയിച്ചുയരുന്ന ബലൂൺ മേളക്ക് തുടക്കമായി. കൂറ്റൻ ഹോട്ട് എയർ ബലൂണിൽ ഉയർന്ന ആകാശത്തുനിന്നും നഗരത്തിന്റെ വിശാലമായ കാഴ്ചകാണുന്നതിനൊപ്പം കതാറയിലെ ഫെസ്റ്റിവൽ വേദിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ വിനോദങ്ങളുമായാണ് അഞ്ചാമത് ബലൂൺ ഫെസ്റ്റിന് തുടക്കമായത്. കതാറയിലെ സതേൺ പാർക്കിങ് ഏരിയയിൽ ആരംഭിച്ച ഫെസ്റ്റിവൽ ഡിസംബർ 21വരെ നീളും. 50ലധികം ഹോട്ട് എയർ ബലൂണുകളാണ് മേളയിൽ പങ്കെടുക്കുന്നത്. ബെൽജിയം, ബ്രിട്ടൻ, ഫ്രാൻസ്, ലിത്വാനിയ, ബ്രസീൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ബലൂണുകൾ എത്തിയത്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് പരിപാടികൾ നടക്കുക. വിസിറ്റ് ഖത്തറിന്റെയും ദുഖാൻ ബാങ്കിന്റെയും രണ്ട് ഹോട്ട് എയർ ബലൂണുകൾ പറന്നുയർന്നതോടെ മേളക്ക് ഔദ്യോഗിക തുടക്കമായി. ബലൂണുകളുടെ ഉയർച്ചക്കൊപ്പം താഴെ സംഗീതത്തിന്റെ അകമ്പടിയോടെ ചടുലമായ സർക്കസ് പ്രകടനങ്ങളും ലേസർ ഷോകളും നൈറ്റ് ഗ്ലോ പ്രകടനങ്ങളും മികച്ച അനുഭവമാണ് സമ്മാനിച്ചത്.
പട്ടം പറത്തൽ, കാർണിവൽ ഗെയിമുകൾ, ഊതി വീർപ്പിക്കാവുന്ന ബൗൺസ് കാസിലുകൾ എന്നിവയുൾപ്പെടെ സന്ദർശകർക്കായി ഒരുക്കിയിരുന്നു.താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അവിസ്മരണീയ അവധിക്കാല അനുഭവമാണ് പ്രദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.