ഖത്തർ ബലൂൺ ഫെസ്റ്റിവൽ ഇന്നുമുതൽ
text_fieldsദോഹ: മൂന്നാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50ലേറെ വൈവിധ്യമാർന്ന ഹോട്ട് എയർ ബലൂണുകളാണ് പത്തുദിവസം നീളുന്ന ഫെസ്റ്റിവലിൽ ഇക്കുറി പങ്കെടുക്കുന്നത്. വ്യാഴാഴ്ച മുതൽ ജനുവരി 28 വരെ ഓൾഡ് ദോഹ പോർട്ടിൽ ഗ്രാൻഡ് ക്രൂസ് ടെർമിനലിന് പിന്നിലായാണ് ബലൂൺ ഫെസ്റ്റിവൽ അരങ്ങേറുന്നത്.
വ്യത്യസ്തമായ ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള നിരവധി ബലൂണുകൾകൊണ്ട് നിറയുന്ന ഉത്സവം ഇത്തവണ വിനോദം നിറഞ്ഞ ഫാമിലി ഇവന്റായാണ് അണിയിച്ചൊരുക്കുന്നത്. ബലൂണുകൾ ആകാശത്ത് ഒഴുകിപ്പരക്കുന്നതിനൊപ്പം സംഗീതവും മറ്റു കലാപരിപാടികളും ഭക്ഷണ കൗണ്ടറുകളുമൊക്കെയായാണ് ഫെസ്റ്റിവൽ വർണവിസ്മയമൊരുക്കുക. രാത്രിയിൽ ബലൂണുകളൊരുക്കുന്ന കാഴ്ച വേറിട്ടതാവും. ഇരുട്ടിൽ ദീപശോഭയോടെ ഒഴുകിനടക്കുന്ന ബലൂണുകൾ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാകും. മ്യൂസിക് ബാൻഡുകൾ, ഡി.ജെകൾ, ഗായകർ എന്നിവയൊക്കെ ചേർന്ന് പത്തുദിവസവും പരിപാടികളുണ്ടാകും. ഹോട്ട് എയർ ബലൂണിൽ ആകാശത്തുകൂടെ പറക്കണമെന്ന് താൽപര്യമുള്ളവർക്ക് 499 ഖത്തർ റിയാൽ മുടക്കിയാൽ അതിനും വഴിയൊരുങ്ങും. ബലൂൺ ഫെസ്റ്റിവലിന്റെ എക്സിക്യൂട്ടിവ് പാർട്ണർമാരായ asfary.com വഴിയാണ് ഇതിനുള്ള ടിക്കറ്റ് വിൽപന. രാവിലെ 30-45 മിനിറ്റ് സമയം ബലൂണിൽ ചുറ്റിയടിക്കാം. മാർച്ച് 20 വരെയാണ് ഇതിനുള്ള അവസരം.
ലെനി കാന്റ്, പാട്രിക് സിമ്മൺസ് (ബെൽജിയം), പാവേൽ കോസ്ട്രൂൻ (ചെക് റിപ്പബ്ലിക്), കരീം റാഷ്, ക്രിസ്റ്റോഫ് ലെറെ (ഫ്രാൻസ്), ആന്ദ്രിയാസ് ബോസ്, നിലിസ് റോമെലിങ്, ടോഴ്സ്റ്റൻ സ്പ്രെങ്ങർ (ജർമനി), ആരോൺ നൈറി (ഹംഗറി), പോളോ ഒഗിയോനി (ഇറ്റലി), ആൽബർട്ടാസ് കെർദോകാസ്, കെസ്റ്റ്യൂട്ടിസ് പെട്രോണിസ്, ആൽഫ്രെഡാസ് റീകെർട്ടാസ്, റൊമാനാസ് മികെലെവിഷ്യസ് (ലിത്വേനിയ), ബോർഷെ പൗനോവ്സ്കി (മാസിഡോണിയ), ആന്ദ്രേ ബ്രോബ്യെർ (നോർവേ), മെറെക് മിഹാലിച്ച്, ജാസെക് ബോഗ്ഡാരിസ്കി, ക്രിസ്റ്റോഫ് ബോർകോവ്സ്കി (പോളണ്ട്), ഗീർത് വാൻ വോവെലാർ (തുർക്കി), ആന്ദ്രേ സെനെകോവിച്ച് (സ്ലൊവീനിയ), ഡേവ് ബേകർ, ജൊനാഥൻ ഡയർ, പോൾ വേഡ്, ക്രിസ് ഡേവീസ്, ആൻഡ്രൂ വാലസ്, മാർട്ടിൻ റീഡ്. ലീ ഹൂപ്പർ (യു.കെ), വാർലി മാസിഡോ, മുറിലോ പെരീറ ഗോൺസാൽവസ് (ബ്രസീൽ), സ്റ്റീവ് വിൽകിൻസൺ, പാട്രിക് ഫോഗ് (യു.എസ്), മത്തേ ഹ്രുസ്റ്റിനെക് (സ്ലോവാക്യ) തുടങ്ങിയ ലോകത്തിലെ പ്രമുഖരാണ് തങ്ങളുടെ ബൂലൂണുകളുമായി ഫെസ്റ്റിവലിനെത്തുന്നത്.
ലെനി കാർട്ടിന്റെ സ്ട്രോബറി ആകൃതിയിലുള്ള ബലൂണും ടോഴ്സ്റ്റൻ സ്പ്രെങ്ങറുടെ സൺഫ്ലവറിന്റെ രൂപത്തിലുള്ള ബലൂണും മേളയുടെ ആകർഷണമാവും. യക്ഷിയുടെ ആകൃതിയിലുള്ള ബലൂണാണ് മുറിലോ പെരീറ ഗോൺസാൽവസിന്റേത്. അന്യഗ്രഹജീവിയുടെ രൂപത്തിലുള്ള ലീ ഹൂപ്പറുടെ ബലൂണിനൊപ്പം ഹൃദയത്തിന്റെ ആകൃതിയിലുള്ള ഗീർത് വാൻ വോവെലാറിന്റെ ബലൂണും പക്ഷിയുടെ രൂപത്തിലുള്ള വാർലി മാസിഡോയുടെ ബലൂണുമൊക്കെ കാണികളെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.