ഖത്തർ ബോട്ട് ഷോ സമുദ്ര ടൂറിസത്തിന് കരുത്താകും
text_fieldsദോഹ: ഖത്തറിന്റെ സമുദ്ര ടൂറിസത്തിന് പ്രഥമ ഖത്തർ ബോട്ട് ഷോ ഊർജം പകരുമെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒയും ഖത്തർ ബോട്ട് ഷോ സംഘാടകസമിതി ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ മുല്ല. നാലു ദിവസങ്ങളിലായി നടക്കുന്ന പ്രഥമ ബോട്ട് ഷോ ശനിയാഴ്ച സമാപിക്കാനിരിക്കെയാണ് പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വളർന്നുവരുന്ന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും, രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ജീവിത ശൈലി ലോകത്തിനു പ്രദർശിപ്പിക്കാനുള്ള ഇടമെന്ന നിലയിലും ഖത്തർ ബോട്ട് ഷോ സുപ്രധാനമേളയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
2022 ലോകകപ്പിന് രാജ്യം ആതിഥ്യം വഹിക്കുമ്പോൾ തന്നെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ വിനോദമേഖലയെ ലോകത്തിന് മുന്നിൽ വ്യക്തമായി അവതരിപ്പിക്കുക എന്നതായിരുന്നു.
കൃത്യമായ ആസൂത്രണവും വർഷങ്ങളുടെ തയാറെടുപ്പിലൂടെയുമാണ് ഇത് യാഥാർഥ്യമാക്കിയത്. അതിന്റെ ഫലം വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നു. അന്താരാഷ്ട്ര പ്രദർശകരും മികച്ച അഭിപ്രായ പ്രകടനം തന്നെ നടത്തി -മുഹമ്മദ് അബ്ദുല്ല അൽ മുല്ല ‘ദി പെനിൻസുല’യോട് പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി സന്ദർശക പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പ്രഥമ ബോട്ട് ഷോ ശനിയാഴ്ച കൊടിയിറങ്ങും. ആഡംബര ബോട്ടുകളുടെയും നൗകകളുടെയും പ്രദർശനത്തിനും സമുദ്ര വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും പരിചയപ്പെടുത്തലിനുമൊപ്പം വിവിധ മേഖലകളിലെ കരാറുകൾക്കും ബോട്ട് ഷോ വേദിയായി.
രണ്ടു ദിവസത്തിലായി ആറ് കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചതായി സംഘാടകർ കഴിഞ്ഞ ദിവസം അറിയിച്ചു. അവസാന ദിനമായ ശനിയാഴ്ച മൂന്ന് മണി മുതൽ രാത്രി എട്ട് മണിവരെയാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.