മിഡിലീസ്റ്റിലെ സംഘർഷം ഒഴിവാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഖത്തർ
text_fieldsദോഹ: മധ്യപൂർവേഷ്യയെ സംഘർഷങ്ങളുടെ പുതിയ കളത്തിലേക്ക് വലിച്ചിഴക്കാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന അഭ്യർഥനയുമായി ഖത്തർ. പുതിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും കഴിഞ്ഞ ആഴ്ചകളിൽ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആശങ്കാജനകമായ സംഭവവികാസങ്ങളെ മുൻനിർത്തി ഖത്തർ ആവശ്യപ്പെട്ടു. ഗസ്സയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിച്ചില്ലെങ്കിൽ മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയും ചെയ്തു.
മിഡിലീസ്റ്റിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട യോഗത്തിന് മുമ്പായി ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനി നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഗസ്സ മുനമ്പിലെ സംഭവവികാസങ്ങൾ മുമ്പെങ്ങുമില്ലാത്ത മാനുഷിക ദുരന്തത്തിന് സമാനമാണെന്നും, സിവിലിയന്മാരെയും പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള എല്ലാ നടപടികളെയും കടുത്ത ഭാഷയിൽ അപലപിക്കുന്നുവെന്നും ശൈഖ അൽയാ ആൽഥാനി പറഞ്ഞു. കൂട്ടശിക്ഷ, ഭക്ഷണവും അവശ്യ സേവനങ്ങളും നിഷേധിക്കൽ, പട്ടിണിയെ ആയുധമാക്കി ഉപയോഗിക്കൽ, താമസക്കാരെ നിർബന്ധിതമായി കുടിയിറക്കുന്ന നടപടികൾ തുടങ്ങിയവയെല്ലാം അവർ ചൂണ്ടിക്കാട്ടി.
റഫ നഗരത്തിൽ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന സൈനിക നടപടി അപലപനീയമാണ്. വലിയ തോതിലുള്ള മാനുഷിക സഹായം വിതരണം ചെയ്യേണ്ടതുണ്ടെന്നും, സമ്പൂർണ വെടിനിർത്തലിൽ എത്തിച്ചേരുകയാണ് അതിനുള്ള ഏക പോംവഴിയെന്നും അവർ വ്യക്തമാക്കി. ഖത്തർ ഭരണകൂടം ഇപ്പോഴും വെടിനിർത്തലുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് മുൻതൂക്കം നൽകുന്നതായും സൂചിപ്പിച്ചു. തടവുകാരെ മോചിപ്പിക്കുന്നതിനും, മതിയായ മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കുന്നതിനും ശാശ്വതമായ വെടിനിർത്തലിൽ എത്തിച്ചേരുന്നതിനുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ മടിക്കില്ലെന്നും ശൈഖ അൽയാ സൈഫ് ആൽഥാനി വ്യക്തമാക്കി. 1967ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലം ആസ്ഥാനമാക്കിയുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിന്റെ സംസ്ഥാപനം, ഫലസ്തീൻ ജനതക്ക് തങ്ങളുടെ അവകാശങ്ങൾ വീണ്ടെടുക്കാനും ഐക്യരാഷ്ട്രസഭയിൽ അംഗരാജ്യമെന്ന പദവി ലഭിക്കാനും പ്രാപ്തമാക്കുമെന്നും ഖത്തർ സ്ഥിരം പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.