കായിക ദിനാഘോഷത്തിൽ ഖത്തർ
text_fieldsദോഹ: ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി ഖത്തറിൽ ചൊവ്വാഴ്ച ദേശീയ കായിക ദിനം.
പൊതുഅവധി പ്രഖ്യാപിച്ച ഇന്ന് സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ കമ്യൂണിറ്റി സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി വിവിധ കായിക പരിപാടികളാണ് അരങ്ങേറുന്നത്.
കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, ബോധവത്കരണം തുടങ്ങി കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമായി പങ്കുചേരാൻ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഖത്തർ ഫൗണ്ടേഷന് കീഴിൽ എജുക്കേഷൻ സിറ്റി, മുശൈരിബ് ഡൗൺ ടൗൺ, ദോഹ എക്സ്പോ, മിയ പാർക്, ഖത്തർ മ്യൂസിയംസ്, ആസ്പയർ ഫൗണ്ടേഷൻ, പേൾ ഐലൻഡ്, അൽ ബിദ പാർക്കിലെ ദോഹ എക്സ്പോ വേദി, കതാറ എന്നിവിടങ്ങളിലായാണ് പ്രധാനമായും ദേശീയ കായികദിന പരിപാടികൾ നടക്കുന്നത്. ദോഹ എക്സ്പോ വേദിയിൽ 200ഓളം സ്പോർട്സ് ഡേ പരിപാടികൾ അരങ്ങേറും. ദോഹയിലെ ഫാമിലി സോൺ, കൾചറൽ സോൺ എന്നിവിടങ്ങളിൽ വ്യത്യസ്ത പരിപാടികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സ്പോർട്സ് സെന്റർ നേതൃത്വത്തിലെ കായിക ആഘോഷങ്ങൾക്ക് ഏഷ്യൻ ടൗൺ വേദിയാകും. കമ്പവലി, പഞ്ചഗുസ്തി എന്നിവ ഉൾപ്പെടെ മത്സരങ്ങൾ എട്ട് മണിമുതൽ ആരംഭിക്കും.
ചാലിയർ ദോഹ സ്പോർട്സ് ഫെസ്റ്റ്, സി.ഐ.സി നേതൃത്വത്തിൽ വിവിധ സോൺ ഫെസ്റ്റുകൾ, കൾചറൽ ഫോറം എക്സ്പാറ്റ് സ്പോർടീവ് തുടങ്ങി ദേശീയ കായികദിനത്തിന്റെ ഭാഗമായി നിരവധി കമ്യൂണിറ്റി പരിപാടികളും ഈ മാസങ്ങളിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.