ദേശീയ ഐക്യം ആഘോഷിച്ച് ഖത്തർ
text_fieldsദോഹ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അടയാളപ്പെടുത്തിയ ജനഹിത പരിശോധനയുടെ വിജയകരമായ പരിസമാപ്തിയെ ആഘോഷമാക്കി ഖത്തർ. ചൊവ്വാഴ്ച നടന്ന ഹിതപരിശോധനയുടെ ഫലം ബുധനാഴ്ച പുലർച്ചയോടെയാണ് തെരഞ്ഞെടുപ്പ് സംഘാടക ചുമതലയുള്ള ജനറൽ റഫറണ്ടം കമ്മിറ്റിയുടെ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖലീഫ ആൽഥാനി ഫലം പ്രഖ്യാപിച്ചത്.
90.60 ശതമാനം പേരും ഭരണഘടന ഭേദഗതി ചെയ്തുള്ള തീരുമാനത്തിന് സമ്മതം മൂളിയപ്പോൾ, രാജ്യത്തിന്റെ ജനഹിതമറിഞ്ഞുള്ള കുതിപ്പിന് അംഗീകാരം കൂടിയായി.
3.80 ലക്ഷത്തോളം വരുന്ന വോട്ടർമാരിൽ 84 ശതമാനം പേരാണ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെ നീണ്ട വോട്ടെടുപ്പിൽ ആവേശത്തോടെ പങ്കെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പേപ്പർ ബാലറ്റും ഇലക്ട്രോണിക് വോട്ടിങ്ങും ഉൾപ്പെടെ സംവിധാനങ്ങളോടെ ഒരുക്കിയ 28 പോളിങ് സ്റ്റേഷനുകളിലെത്തി തങ്ങളുടെ അഭിപ്രായം വിനിയോഗിച്ചിരുന്നു. ഇവരിൽ 9.2 ശതമാനം പേർ ഭേദഗതിയെ എതിർത്ത് വോട്ട് ചെയ്തു. 1.8 ശതമാനം വോട്ടുകൾ അസാധുവായി.
സാധുവായ വോട്ടുകൾ കണക്കാക്കിയാണ് 90.6 ശതമാനം പേർ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ നിയമങ്ങളിലെ ഭരണഘടന ഭേദഗതിയെ പിന്തുണച്ചതായി അധികൃതർ പ്രഖ്യാപിച്ചത്. ആഴ്ചകൾ നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ വിജയകരമായി ഹിതപരിശോധന പൂർത്തിയാക്കിയതിന്റെ ആവേശത്തിലായിരുന്നു ഖത്തറിലെ പൗരന്മാർ.
വർധിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഹിതപരിശോധന പൂർത്തിയായതിനുപിന്നാലെ, രാത്രിയോടെ രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് അമിരി ദിവാൻ ആഘോഷങ്ങൾക്ക് ആഹ്വാനം ചെയ്തു. ദേശീയ ഐക്യവും അഖണ്ഡതയും പ്രഖ്യാപിച്ച റഫറണ്ടത്തിന്റെ ആഘോഷമെന്ന് വ്യക്തമാക്കിയായിരുന്നു അമിരി ദിവാൻ അവധി പ്രഖ്യാപിച്ചത്.
ഇതിന്റെ തുടർച്ചയായി സർക്കാർ, സ്വകാര്യ സ്കൂളുകൾ, ബാങ്ക് എന്നിവക്കും രണ്ടു ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിലെ അവധിക്കു പുറമെ, വാരാന്ത്യ അവധിയും കഴിഞ്ഞ് ഞായറാഴ്ചയായിരിക്കും അടുത്ത പ്രവൃത്തി ദിവസങ്ങൾ.
അവധിയാണെങ്കിലും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വിഭാഗങ്ങൾ, ട്രാഫിക് അന്വേഷണം എന്നിവ മുഴുസമയവും പ്രവർത്തിക്കും.
പാസ്പോർട്ട്, ട്രാഫിക്, ട്രാവൽ ഡോക്യുമെന്റ്സ്, ക്രിമിനൽ എവിഡൻസ് തുടങ്ങിയ സേവന വിഭാഗങ്ങൾക്ക് രാവിലെ എട്ട് മുതൽ 12 വരെയാവും പ്രവൃത്തി സമയം.
സ്വദേശികളുടെ മാത്രം വിഷയമായ ഹിതപരിശോധനയും ഭരണഘടന ഭേദഗതിയുമൊന്നും ശ്രദ്ധിക്കാതിരുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെ കമ്യൂണിറ്റിക്ക് ചൊവ്വാഴ്ച രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും രണ്ടു ദിവസം അവധിയെത്തിയത് ആഘോഷവുമായി. സമൂഹ മാധ്യമങ്ങളിലും മറ്റും അപ്രതീക്ഷിത അവധിയുടെ സന്തോഷം പങ്കുവെച്ച പോസ്റ്റുകളാൽ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.