ഖത്തർ തൊഴിൽ നിയമ പരിഷ്കാരം: തൊഴിൽ മാറ്റം ഇരുകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് മാത്രം
text_fieldsദോഹ: രാജ്യത്തെ പുതിയ തൊഴിൽനിയമപരിഷ്കാരപ്രകാരമുള്ള തൊഴിൽമാറ്റം തൊഴിലാളിയുടെയും തൊഴിലുടമയുേടയും താൽപര്യങ്ങൾ സംരക്ഷിച്ച് മാത്രമേ നടക്കൂ. തൊഴിൽ മന്ത്രാലയം നിർദേശിക്കുന്ന മൂന്ന് നിയന്ത്രണങ്ങളും പാലിച്ചുമാത്രമേ തൊഴിലാളിക്ക് തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെ തൊഴിൽമാറ്റം സാധ്യമാകൂ.
തൊഴിൽ മാറ്റത്തിനുള്ള വിജ്ഞാപനം, നടപടികൾ മത്സര രഹിതമാകൽ, നഷ്ടപരിഹാരം എന്നീ മൂന്ന് നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിൽമാറ്റം സാധ്യമാകൂ. ഭരണനിർവഹണ വികസന തൊഴിൽ മന്ത്രാലയം തൊഴിൽകാര്യ അസി. അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിറക്കിയ പുതിയ തൊഴിൽ നിയമം സംബന്ധിച്ച് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും നടത്തിയ ചർച്ചയിലാണ് തൊഴിൽ മാറ്റം സംബന്ധിച്ച് വിശദീകരണം നൽകിയിരിക്കുന്നത്. യോഗത്തിൽ മിനിമം വേതനം, തൊഴിൽ മാറ്റം എന്നിവ സംബന്ധിച്ചുള്ള പുതിയ നിയമങ്ങൾ ചർച്ച ചെയ്തു.
നിയപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക് തൊഴിൽമാറാൻ കഴിയുമെന്നത് സംബന്ധിച്ച് തൊഴിൽ ഉടമകൾക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ഇതോടെയാണ് മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തിയത്.
ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹികജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തിക്കൊണ്ടുള്ള മിനിമം വേതന നിയമത്തിന് അംഗീകാരം നൽകി കഴിഞ്ഞ ദിവസമാണ് അമീർ ഉത്തരവിട്ടത്. ഇത്പ്രകാരം ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം.
ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന് പുറമേ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരിക.
ഇതിനേക്കാൾ കുറഞ്ഞ വേതനം നിലവിൽ ലഭിക്കുന്നവരുടെ തൊഴിൽ കരാർ തൊഴിൽ ഉടമകൾ പുതിയനിയമമനുരിച്ച് പുതുക്കണം. തൊഴിലാളികളുടെ ജോലി മാറുന്നതിനാവശ്യമായ എൻ.ഒ.സി സംവിധാനവും ഭരണ വികസന തൊഴിൽ സാമൂഹ്യ മന്ത്രാലയം പുതിയ നിയമ്രൽകാരം നീക്കം ചെയ്തിട്ടുമുണ്ട്.
ഇതുപ്രകാരം തൊഴിലാളിക്ക് നിലവിലുള്ള തൊഴിലുടമയുടെ എൻ.ഒ.സി കൂടാതെ തന്നെ ജോലി മാറാൻ സാധിക്കും. തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ പുതിയ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത് സഹായകമാകും.
തൊഴിലാളിക്ക് മിനിമം വേതനം നൽകുന്നതിൽ വീഴ്ച വരുത്തുന്ന തൊഴിലുടമ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. തൊഴിൽ തർക്ക പരിഹാര സമിതികളുടെ എണ്ണം കൂട്ടുന്നതിനും പുതിയ നിയമഭേദഗതി നിർദേശിക്കുന്നുണ്ട്. മിഡിലീസ്റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും. ഖത്തർ തൊഴിൽ വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നിയമ പരിഷ്കാരങ്ങൾ പ്രയോജനപ്പെടുമെന്ന് ഹസൻ അൽ ഉബൈദലി യോഗത്തിൽ വ്യക്തമാക്കി.
തൊഴിലുടമകളെയും സ്വകാര്യമേഖലയെയും പിന്തുണക്കുന്നതിലും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഖത്തറിലെ പുതിയ തൊഴിൽ നിയമ പരിഷ്കരണത്തിന് വലിയ സ്വീകാര്യതയാണ് അന്താരാഷ്ട്ര തലത്തിൽ നിന്ന് ലഭിച്ചത്. നിരവധി രാജ്യങ്ങൾ ഖത്തറിനെ പ്രശംസിച്ച് രംഗത്തെത്തി.
ഖത്തറിലെ സ്വകാര്യ മേഖലയിലെ കമ്പനികൾ നേരിടുന്ന വെല്ലുവിളികളും തടസ്സങ്ങളും നീക്കുന്നതിന് ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണവും ഒരുമിച്ചുള്ള പ്രവർത്തനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.