ഖത്തർ ചേംബർ മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിക്കും
text_fieldsഇബ്തിഹാജ് അൽ അഹ്മദാനി
ദോഹ: ആഗോളതലത്തിൽ ആരോഗ്യമേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനായി സമഗ്ര മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിക്കാനൊരുങ്ങി ഖത്തർ ചേംബർ. ദുബൈയിൽ നടന്ന ‘അറബ് ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഗ്രസ് 2023’ൽ പങ്കെടുക്കുന്നതിനിടെയാണ് ഖത്തർ ചേംബർ ബോർഡ് അംഗവും ഹെൽത്ത് കമ്മിറ്റി ചെയർമാനുമായ ഇബ്തിഹാജ് അൽ അഹ്മദാനി ഇക്കാര്യം സൂചിപ്പിച്ചത്.
ആരോഗ്യ സംരക്ഷണ മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് വെളിച്ചം വീശുന്ന മെഡിക്കൽ എക്സിബിഷൻ നടത്താനാണ് ലക്ഷ്യം. മുൻനിര അന്തർദേശീയ കമ്പനികളെ ആകർഷിക്കുകയും പ്രാദേശികവും മേഖലാതലത്തിലും അന്തർദേശീയവുമായി ആരോഗ്യമേഖലയുടെ വികസനം ഉയർത്തിക്കാട്ടും. മെഡിക്കൽ സേവനങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്ന രീതിയിലുള്ള പുത്തൻ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സുപ്രധാന മേഖലകളിലൊന്നാണ് ആരോഗ്യമേഖലയെന്ന് അൽ അഹ്മദാനി പറഞ്ഞു.
ഖത്തറിന്റെ ആരോഗ്യ സംരക്ഷണ മേഖല സമീപകാലത്ത് വലിയ കുതിച്ചുചാട്ടം നടത്തി. വിവേകപൂർണമായ നേതൃത്വത്തിന്റെ ഉൾക്കാഴ്ചയുള്ള കാഴ്ചപ്പാടാണ് അതിന് വഴിയൊരുക്കുന്നത്. ആരോഗ്യ മേഖലക്ക് രാജ്യത്ത് വലിയ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 2022ലെ ഫിഫ ലോകകപ്പിൽ മികച്ച സംഘാടനത്തിന് ആരോഗ്യസേവന മേഖലയുടെ ഭാഗത്തുനിന്നും നിറഞ്ഞ സംഭാവന നൽകി. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സംയോജനവും ആരോഗ്യ പരിപാലന മേഖലയിലെ വലിയ വികസനവും ഇതിന് ഏറെ സഹായകമായെന്നും അൽ അഹ്മദാനി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.