‘ലബ്ബൈഹ് ഗസ്സ’ കാമ്പയിന് ആരംഭിച്ച് ഖത്തര്‍ ചാരിറ്റി
text_fieldsദോഹ: ഗസ്സയിലെ ജനങ്ങളുടെ ദുരിതമകറ്റുന്നതിന് 40 ദശലക്ഷം റിയാല്‍ ചെലവഴിച്ചുള്ള ദുരിതാശ്വാസ കാമ്പയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചു. ഭക്ഷണം, പാര്‍പ്പിടം, മരുന്ന് എന്നീ വിഭാഗങ്ങളിൽ അടിസ്ഥാന ആവശ്യങ്ങള്‍ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ‘ലബ്ബൈഹ് ഗസ്സ’ തലക്കെട്ടില്‍ ആരംഭിച്ച കാമ്പയിനിലൂടെ അഞ്ചരലക്ഷം പേര് ഗുണഭോക്താക്കളാകുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.
ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിങ്ങനെ നാല് പ്രധാന മേഖലകളില്‍ സഹായം നല്‍കാനാണ് കാമ്പയിന് ലക്ഷ്യമിടുന്നത്. ഭക്ഷണപ്പൊതികള്‍, റെഡി ടു ഈറ്റ് ഭക്ഷണം എന്നിവയുള്‍പ്പെടുന്ന വസ്തുക്കളാണ് വിതരണം ചെയ്യുന്നത്. താമസത്തിന് കൂടാരങ്ങള്‍, വീടുകള്‍ പുതുക്കിപ്പണിയല്‍, ഭവന നിര്‍മാണ യൂനിറ്റുകള്‍, കാരവാനുകള്‍ എന്നിവ നല്‍കും. മരുന്നുകള്‍, ആരോഗ്യ മേഖലക്കുള്ള പിന്തുണ, ആശുപത്രി നവീകരണം എന്നിവയാണ് ആരോഗ്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സ്കൂളുകളും സര്‍വകലാശാലകളും നവീകരിക്കുക, നിര്‍മിക്കുക, സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുക എന്നിവ വിദ്യാഭ്യാസ മേഖലയിലെ സഹായത്തില്‍ ഉള്‍പ്പെടുന്നു.
സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ മത്സരിക്കുന്നതിന് ഏറ്റവും നല്ല സമയമായി കണക്കാക്കുന്ന ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍ക്കായി കാമ്പയിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഖത്തര്‍ ചാരിറ്റി റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മീഡിയ സി.ഇ.ഒയുടെ അസിസ്റ്റന്റ് അഹ്മദ് യൂസുഫ് ഫഖ്റു പറഞ്ഞു. ഗസ്സയിലെ മാനുഷിക സാഹചര്യം അത്യന്തം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കാമ്പയിന് ഖത്തര്‍ ചാരിറ്റി തുടക്കം കുറിച്ചതെന്നും അടിസ്ഥാന ആവശ്യങ്ങളുടെ രൂക്ഷമായ ക്ഷാമം ഗസ്സ നേരിടുന്നുവെന്നും ഫഖ്റു കൂട്ടിച്ചേര്‍ത്തു. ഖത്തറിലെ ഉദാരമതികള്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് പിന്തുണ നല്കാന് മുന്നോട്ടു വരണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം, ദരിദ്രര്‍ക്കും അഗതികള്‍ക്കും വേണ്ടി എന്നും നിലകൊണ്ട അവരുടെ പിന്തുണ ഗസ്സയിലെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.