സിറിയക്കുവേണ്ടി 27ാം രാവ് ചലഞ്ചുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: റമദാനിൽ പുണ്യങ്ങൾ പൂക്കുന്ന 27ാം രാവിൽ സിറിയയിലെ ജനങ്ങൾക്കായി കൈകോർക്കാൻ ആഹ്വാനവുമായി ഖത്തർ ചാരിറ്റി. സിറിയയിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണലക്ഷ്യവുമായി 27ാം രാവ് ചലഞ്ച് ബുധനാഴ്ച രാത്രിയിൽ നടക്കും.
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് ഒന്നര പതിറ്റാണ്ടോളമായി കടുത്ത ദുരിതത്തിലാണ് സിറിയന്‍ ജനത. ലക്ഷക്കണക്കിന് മനുഷ്യരാണ് അഭയാര്‍ഥികളായി മാറിയത്. ബശാറുല്‍ അസദ് സ്ഥാന ഭ്രഷ്ടനാക്കപ്പെട്ടതോടെ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഖത്തര്‍ സജീവമായിരുന്നു.
ഇതിന് കരുത്തു പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ചാരിറ്റി 27ാം രാവ് ചലഞ്ച് സംഘടിപ്പിക്കുന്നത്. റമദാനിലെ ഏറെ പുണ്യമുള്ള ദിനമായി കണക്കാക്കുന്ന രാവിൽ നടക്കുന്ന ചലഞ്ചിലൂടെ 40 ദശലക്ഷം റിയാല്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കതാറ കള്‍ച്ചറല്‍ വില്ലേജാണ് വേദി. യൂട്യൂബ് വഴി തത്സമയ സംപ്രേഷണവും ഉണ്ടാകും. ഹമാ പ്രൊവിഷ്യയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ 1500 വീടുകളാണ് നിര്‍മിക്കുക.
ആരോഗ്യകേന്ദ്രം, പള്ളികള്‍, സ്കൂളുകള്‍,വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയും പ്രോജക്ടിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം നടന്ന 27ാം രാവ് ചലഞ്ചില്‍ മൂന്ന് മണിക്കൂര്‍കൊണ്ട് 110 കോടിയിലേറെ രൂപ സമാഹരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.