ഖത്തർ ചാരിറ്റി-സി.ഐ.സി സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
text_fieldsദോഹ: ഖത്തർ ചാരിറ്റി സി.ഐ.സിയും ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച. ഐൻ ഖാലിദിലെ ഉമ്മു സനീം ഹെൽത്ത് സെന്ററിൽ നടക്കുന്ന ക്യാമ്പിൽ കുറഞ്ഞ വരുമാനക്കാരായ 1500ഓളം പേർക്ക് ചികിത്സ ലഭ്യമാകുമെന്ന് ജനറൽ കൺവീനർ പി.പി. അബ്ദുറഹീം അറിയിച്ചു.
രാവിലെ ഏഴു മുതൽ വൈകീട്ട് 4.30 വരെയായിരിക്കും ക്യാമ്പ് പ്രവർത്തിക്കുക. താഴ്ന്ന വരുമാനക്കാരും വിദഗ്ധ ചികിത്സകൾക്ക് പ്രയാസം നേരിടുന്നവരുമായ സാധാരണ തൊഴിലാളികളെയും ജീവനക്കാരെയും ലക്ഷ്യംവെച്ചാണ് ക്യാമ്പ്. ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബിൽനിന്നുള്ള ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഖത്തർ ചാരിറ്റി-സി. ഐ.സി വളന്റിയർമാർ തുടങ്ങിയവർ ക്യാമ്പിൽ സേവനം അനുഷ്ഠിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കാർഡിയോളജി, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, ഓർത്തോപീഡിക്സ്, ഫിസിയോതെറപ്പി, നേത്രപരിശോധന, ഇ.എൻ.ടി എന്നിവയിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതോടൊപ്പം ഇ.സി.ജി, അൾട്രാസൗണ്ട് സ്കാനിങ്, കൊളസ്ട്രോൾ, ബി.പി, ഷുഗർ, യൂറിൻ പരിശോധന, ഓഡിയോമെട്രി, ഓറൽ ചെക്കപ്പ് തുടങ്ങിയ ക്ലിനിക്കൽ ടെസ്റ്റുകളും ഒരുക്കുന്നുണ്ട്. മരുന്നുകളും സൗജന്യമായി നൽകും.
യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്), ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻഖ്), ഇന്ത്യൻ ഫിസിയോ തെറപ്പി ഫോറം ഖത്തർ (ഐ.പി.എഫ്.ക്യു), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ഖത്തര്‍ (ഐഫാഖ്), ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന് തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ ചാരിറ്റി, സി.ഐ.സി, ഐ.ഡി.സി, സംഘടന പ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.