റമദാൻ കാമ്പയിൻ പിന്തുണക്ക് നന്ദി അറിയിച്ച് ഖത്തർ ചാരിറ്റി
text_fieldsദോഹ: ഖത്തർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 41 രാജ്യങ്ങളിൽ, 67 ലക്ഷം ആളുകളിലേക്ക് സഹായമെത്തിച്ച് ഖത്തർ ചാരിറ്റിയുടെ ‘എൻഡ്ലെസ് ഗിവിങ്’ റമദാൻ കാമ്പയിൻ. ഒരുമാസം നീണ്ട സഹായപ്പെയ്ത്തിൽ സഹകരിച്ചവർക്ക് ഖത്തർ ചാരിറ്റി നന്ദി അറിയിച്ചു. ഖത്തറിലെ ഉദാരമതികൾ, കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച കാമ്പയിനിൽ ഫീഡ് ദി ഫാസ്റ്റിങ്, ഫലസ്തീന് വേണ്ടിയുള്ള ഭക്ഷ്യസുരക്ഷ പദ്ധതികൾ, ഖത്തറിലും പുറത്തുമുള്ള മറ്റ് വികസന പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു. അനാഥകളും അഗതികളുമടക്കം 9500 പേർക്കുള്ള സ്പോൺസർഷിപ് സംരംഭവും കാമ്പയിനിൽ ഉൾപ്പെടും.
കാമ്പയിനിലെ ഫിത്ർ സകാത് പദ്ധതിയിലൂടെ 6.15 ലക്ഷം പേർ ഗുണഭോക്താക്കളായതായി ഖത്തർ ചാരിറ്റി അറിയിച്ചു. അനാഥകളും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിൽനിന്നുള്ളവരുമായ കുട്ടികൾക്കും ഈദ് വസ്ത്രങ്ങൾ, ഈദ് സമ്മാനങ്ങൾ എന്നിവയും വിതരണം ചെയ്തു. ഈ വിഭാഗത്തിൽ 9500 കുട്ടികളാണ് ഗുണഭോക്താക്കളായത്. ഗസ്സ മുനമ്പിൽനിന്നുള്ള 16,000ലധികം വരുന്ന കുട്ടികൾക്കും പെരുന്നാൾ സമ്മാനങ്ങൾ കാമ്പയിന്റെ ഭാഗമായി ഖത്തർ ചാരിറ്റി നൽകി. ഖത്തറിൽനിന്നും മറ്റുരാജ്യങ്ങളിൽനിന്നുമുള്ള ഉദാരമതികൾക്ക് ആത്മാർഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് ഖത്തർ ചാരിറ്റി റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മീഡിയ സെക്ടർ സി.ഇ.ഒയുടെ അസിസ്റ്റന്റ് അഹ്മദ് യൂസുഫ് ഫഖ്റൂ പറഞ്ഞു. ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർ, അഭയാർഥികൾ, ദരിദ്രർ, അഗതികൾ, കുറഞ്ഞ വരുമാനക്കാർ എന്നിവരുടെ ജീവിതത്തിലും അവരുടെ കുട്ടികളുടെ മുഖത്തും സന്തോഷം കൊണ്ടുവരാൻ അവരുടെ സംഭാവനകളിലൂടെ സാധിച്ചെന്നും ഫഖ്റൂ കൂട്ടിച്ചേർത്തു.
ഗസ്സ, ഫലസ്തീൻ, സുഡാൻ, വടക്കൻ സിറിയ, സോമാലിയ, റോഹിങ്ക്യൻ അഭയാർഥികൾ തുടങ്ങി പ്രതിസന്ധികളും ദുരന്തങ്ങളും നേരിടുന്ന പ്രദേശങ്ങളിലും രാജ്യങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചും, ഖത്തറടക്കം 41 രാജ്യങ്ങളിലുമായി എൻഡ്ലൈസ് ഗിവിങ് കാമ്പയിൻ നടപ്പാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അനാഥർക്കായി നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മൾട്ടി സർവിസ് ഓർഫൻ സിറ്റിയായ അൽ ഹയയുടെ നിർമാണത്തിലും, റമദാനിലെ 27ാം രാവിലെ 50 ദശലക്ഷം റിയാൽ സമാഹരിക്കുന്നതിലും പങ്കാളികളായവർക്കും അദ്ദേഹം നന്ദി അറിയിച്ചു. കാമ്പയിനിലെ റമദാൻ സംരംഭങ്ങൾക്ക് പുറമെ, ആരോഗ്യം, വിദ്യാഭ്യാസം, ജലം, ശുചിത്വം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക ശാക്തീകരണം, പള്ളികളുടെ നിർമാണം, നിർധനർക്കുള്ള ഭവനം, സേവന കേന്ദ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി 5306 വികസന പദ്ധതികളും കാമ്പയിന്റെ ഭാഗമായി ഖത്തർ ചാരിറ്റി നടപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.