സിറിയൻ അഭയാർഥി ക്യാമ്പിൽ സൗകര്യെമാരുക്കി ഖത്തർ ചാരിറ്റി
text_fieldsദോഹ: സിറിയയിലെ അഭയാർഥി ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിച്ചും അറ്റകുറ്റപ്പണികൾ നടത്തിയും ഖത്തർ ചാരിറ്റി.
വടക്കൻ സിറിയയിലെ ഇദ്ലിബിലെയും അലപ്പോയിലെയും 29 ക്യാമ്പുകളുമായി ബന്ധപ്പെട്ട റോഡ്, അടിസ്ഥാന സൗകര്യങ്ങളാണ് ഖത്തർ ചാരിറ്റിയുടെ 'വാംത് ആൻഡ് പീസ്' ശൈത്യകാല കാമ്പയിനുമായി ബന്ധപ്പെട്ട് പുനഃസ്ഥാപിക്കുന്നത്. കടുത്ത ശൈത്യമാകുന്നതോടെ ക്യാമ്പുകളിൽ ജീവിക്കുന്നവരുടെ ദുരിതമകറ്റുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന മഴക്കു മുമ്പായി ക്യാമ്പുകളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ഇദ്ലിബിലെ എട്ട് ക്യാമ്പുകളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയാക്കിയതായി ഖത്തർ ചാരിറ്റി അറിയിച്ചു. 21 ക്യാമ്പുകളുടെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണവും പണികളും ഉടൻ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ മഴവെള്ള, അഴുക്കുവെള്ള ചാലുകളുടെ നിർമാണം ഖത്തർ ചാരിറ്റി പൂർത്തീകരിച്ചിട്ടുണ്ട്. വഴികൾ പൊട്ടിപ്പൊളിഞ്ഞ് ചളി നിറഞ്ഞത് ക്യാമ്പുകളിലേക്ക് വെള്ളം, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ എത്തിക്കുന്നതിന് വാഹനങ്ങൾക്ക് തടസ്സമായി നിൽക്കുന്നുണ്ട്. മെഡിക്കൽ സഹായമെത്തിക്കാനും ഇത് പ്രയാസം സൃഷ്ടിക്കുന്നതായും ഇദ്ലിബിലെ താൽ ഫഖർ ക്യാമ്പ് ഡയറക്ടർ സിയാദ് അഹ്മദ് പറയുന്നു. ക്യാമ്പുകളിലേക്കുള്ള റോഡുകൾ പുനർനിർമിച്ചതും അറ്റകുറ്റപ്പണികൾ നടത്തിയതും സേവനങ്ങൾ പൂർത്തിയാക്കാനും ജല, ഭക്ഷ്യവിഭവങ്ങൾ എത്തിക്കാനും സഹായിച്ചെന്ന് ബദർ അൽ ഹാസ് ക്യാമ്പ് ഡയറക്ടർ മുഹമ്മദ് അബു ഹാഷിം പറഞ്ഞു.
ഖത്തർ ചാരിറ്റിയുടെ വാംത് ആൻഡ് പീസ് കാമ്പയിനിൽ ഖത്തറുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നായി 13 ലക്ഷം പേർ ഗുണഭോക്താക്കളാകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.