ഗസ്സയിലെ നോമ്പുകാർക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗസ്സക്കാർക്ക് ഭക്ഷണമെത്തിച്ച് ഖത്തർ ചാരിറ്റി. റമദാനിൽ നോമ്പനുഷ്ഠിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷ്യവസ്തുക്കളാണ് വിവിധ മാർഗങ്ങളിലൂടെ വിതരണം ചെയ്യുന്നത്. ‘അതിരുകളില്ലാത്ത ഉദാരത’ എന്ന തലക്കെട്ടിൽ ഖത്തർ ചാരിറ്റി നടത്തുന്ന റമദാൻ കാമ്പയിന്റെ ഭാഗമായി ഫീഡ് ദി ഫാസ്റ്റിങ് പദ്ധതിക്ക് കീഴിലാണ് ഗസ്സയിലെ സഹായ വിതരണം. ഇതുവരെ മൂന്ന് ലക്ഷത്തോളം പേർ ഗുണഭോക്താക്കളായെന്നും പ്രതിസന്ധിയിലകപ്പെട്ടവർക്ക് റമദാനിൽ കൂടുതൽ സഹായവിതരണം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ ചാരിറ്റി അറിയിച്ചു.
ഇതുവരെ 12000 ഭക്ഷ്യ കിറ്റുകളും 13200 ചാക്ക് ധാന്യപ്പൊടിയുമാണ് നൽകിയത്. കൂടാതെ 150,000 പേർക്ക് റെഡി ടു ഈറ്റ് ഭക്ഷണപ്പൊതികളും ഖത്തർ ചാരിറ്റി വിതരണം ചെയ്തു. ഇസ്രായേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത ഭക്ഷ്യക്ഷാമവും വിശുദ്ധ മാസത്തിൽ നോമ്പ് തുറക്കാനുള്ള പ്രയാസങ്ങളും കാരണം ദുരിതത്തിലായവർക്ക് വലിയ ആശ്വാസമാണ് സഹായമെത്തിക്കുന്നത്. ഒക്ടോബർ മുതൽ ഖത്തർ ചാരിറ്റിക്ക് കീഴിൽ ഗസ്സയിൽ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഫീഡ് ദി ഫാസ്റ്റിങ് സംരംഭം.
പ്രാദേശിക പങ്കാളികളുടെയും ഫീൽഡ് ഓഫിസുകളുടെയും സഹകരണത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 രാജ്യങ്ങളിൽ ഖത്തർ ചാരിറ്റി റമദാൻ പദ്ധതികൾ തുടരുകയാണ്.ഫലസ്തീൻ, സിറിയ, സോമാലിയ, യമൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഖത്തർ ചാരിറ്റി പ്രത്യേകം പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഫിത്ർ സകാത്ത്, പെരുന്നാൾ വസ്ത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.