അലപ്പോയിൽ ഖത്തറിന്റെ ‘അൽ കറാമ’ നഗരം ഉയരുന്നു
text_fieldsദോഹ: ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി വടക്കൻ അലപ്പോയിലെ ‘അൽ കറാമ’ നഗര നിർമാണത്തിന് ഖത്തർ ചാരിറ്റി തുടക്കം കുറിച്ചു. കഴിഞ്ഞ റമദാനിലാണ് നഗരത്തിനായുള്ള ധനസമാഹരണ കാമ്പയിൻ നടന്നത്. റമദാനിലെ 27ാം രാവിൽ നടന്ന പ്രത്യേക പ്രാദേശിക കാമ്പയിനിലൂടെ 33 ദശലക്ഷം റിയാലാണ് നിർദിഷ്ട നഗരത്തിനായി ഖത്തർ ചാരിറ്റി മൂന്നു മണിക്കൂറിനുള്ളിൽ സമാഹരിച്ചത്.
അറബി ഭാഷയിൽ മാന്യത എന്നർഥമുള്ള അൽ കറാമ നഗരത്തിന്റെ നിർമാണത്തിലൂടെ കുടിയിറക്കപ്പെട്ട സിറിയൻ ജനതക്ക് അന്തസ്സാർന്ന ജീവിതം നൽകാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. സുരക്ഷിതമായ പാർപ്പിടവും മാന്യമായ ജീവിതവും സമഗ്രമായ അവശ്യസേവനങ്ങളും നൽകി കുടിയിറക്കപ്പെട്ടവരുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് നഗരത്തിന് അൽ കറാമ എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു.
തുർക്കി ഗാസിയെൻടെപ് പ്രവിശ്യയുടെ പിന്തുണയോടെ വടക്കൻ അലപ്പോയിലെ അൽ ബാബ് നഗരത്തിന് സമീപത്താണ് നിർദിഷ്ട അൽ കറാമ നഗരം. 1680 റെസിഡൻഷ്യൽ യൂനിറ്റുകൾ, നാല് സ്കൂളുകൾ, ഒരു കിന്റർഗാർട്ടൻ, പ്രാഥമികാരോഗ്യ കേന്ദ്രം, 600 പേർക്ക് നമസ്കരിക്കാൻ സൗകര്യമുള്ള പള്ളി എന്നിവ നഗരത്തിലുൾപ്പെടുന്നു. വടക്കൻ സിറിയയിൽ 8800ലധികം കുടിയിറക്കപ്പെട്ട സിറിയക്കാർക്കായി 1400 വീടുകൾ ഉൾപ്പെടുന്ന അൽ അമൽ നഗരത്തിന്റെ നിർമാണം ഖത്തർ ചാരിറ്റി കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിന്റർഗാർട്ടനുകൾ, പ്രാഥമികാരോഗ്യ പരിരക്ഷ കേന്ദ്രം, മാർക്കറ്റ്, കുട്ടികൾക്കായുള്ള കളിസ്ഥലം എന്നിവയെല്ലാം ഇതിലുൾപ്പെടും. 2011ൽ ആഭ്യന്തര സംഘർഷം ആരംഭിച്ചതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിക്കാണ് സിറിയ സാക്ഷ്യം വഹിച്ചത്. യു.എൻ കണക്കുകൾ പ്രകാരം ലോകത്തിലെ 35.3 ദശലക്ഷം അഭയാർഥികളിൽ 6.5 ദശലക്ഷം അഭയാർഥികളും സിറിയയിൽ നിന്നുള്ളവരാണ്.
ഫെബ്രുവരിയിൽ തുർക്കിയയിലും വടക്കൻ സിറിയയിലുമായി സംഭവിച്ച ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത് സിറിയൻ അഭയാർഥികളെയായിരുന്നു. ഭൂകമ്പത്തിൽ 50,000ത്തിലധികം പേരാണ് മരിച്ചത്. അതേസമയം, ഭൂകമ്പബാധിതരെ സഹായിക്കുന്നതിനായുള്ള പുനർനിർമാണ ശ്രമങ്ങൾക്കായി ഖത്തറും തുർക്കിയും അധിക കരാറിൽ ഒപ്പുവെച്ചിരുന്നു.
കരാർ പ്രകാരം ഇരുരാജ്യങ്ങളും ഗാസിയെൻടെപ്പിൽ അനാഥർക്കായി സാമൂഹിക ഭവനങ്ങൾ സ്ഥാപിക്കും. ഫെബ്രുവരിയിലെ ഭൂകമ്പത്തിനുശേഷം പ്രത്യേകിച്ചും തുർക്കിയയിലെയും വടക്കൻ സിറിയയിലെയും പുനർനിർമാണ പദ്ധതികളെ പിന്തുണക്കേണ്ടത് വളരെ പ്രാധാന്യത്തോടെയാണ് കാണേണ്ടതെന്ന് ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിൻ അഹ്മദ് അൽ കുവാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.