കനിവിന്റെ കരങ്ങളുമായി ഖത്തർ
text_fieldsദോഹ: തുർക്കിയയിലെ ഭൂകമ്പ ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ കനിവിന്റെ കരങ്ങളുമായി ഖത്തർ. തുർക്കിയയെയും സിറിയയെയും ഈ പ്രതിസന്ധിഘട്ടത്തിൽ പിന്തുണക്കാൻ ഖത്തർ വിവിധ മേഖലകളിൽ സഹായമെത്തിക്കുകയാണ്. തെക്കൻ തുർക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തുർക്കിയ പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) ഖത്തർ ഇന്റർനാഷനൽ സെർച് ആൻഡ് റെസ്ക്യൂ ഗ്രൂപ് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. ഫീൽഡ് ഹോസ്പിറ്റൽ, ദുരിതാശ്വാസ സഹായം, ടെന്റുകൾ, ശീതകാല സാമഗ്രികൾ എന്നിവക്കുപുറമെ പ്രത്യേക സംവിധാനങ്ങളും ഉപകരണങ്ങളുമായാണ് ഖത്തരി റെസ്ക്യൂ ഗ്രൂപ് തുർക്കിയയിലെത്തിയിട്ടുള്ളത്.
ഭൂകമ്പ ദുരന്തത്തെ നേരിടാൻ തുർക്കിയക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഖത്തർ അനുവദിച്ച എയർ ബ്രിഡ്ജിന്റെ ആദ്യ വിമാനങ്ങളുടെ വരവിനോടനുബന്ധിച്ചാണ് സംഘം ചൊവ്വാഴ്ച വിമാനത്താവളത്തിലെത്തിയത്.
മില്യൺ ഡോളർ സഹായവുമായി ക്യു.ആർ.സി.എസ്
തുർക്കിയയിലെയും വടക്കൻ സിറിയയിലെയും ഭൂകമ്പ ബാധിതർക്കായി അടിയന്തര ദുരിതാശ്വാസ ഇടപെടൽ ആരംഭിക്കുന്നതിന് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്) തങ്ങളുടെ ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽനിന്ന് ഒരു മില്യൺ യു.എസ് ഡോളർ അനുവദിച്ചു. ആരോഗ്യ സംരക്ഷണം, പാർപ്പിടം, വെള്ളം, ശുചിത്വം, ഭക്ഷണം എന്നീ കാര്യങ്ങളിൽ ദുരിതാശ്വാസ ഇടപെടൽ വിപുലീകരിക്കുന്നതിനായി 10 മില്യൺ ഡോളർ ധനസമാഹരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ഇദ്ലിബ്, അൽ ദാന, പടിഞ്ഞാറൻ അലപ്പോ ഗ്രാമപ്രദേശങ്ങൾ, ജിസ്ർ അൽ ഷുഗൂർ എന്നിവിടങ്ങളിൽ തുർക്കിയയിലെ ക്യു.ആർ.സി.എസിന്റെ പ്രാതിനിധി സംഘം നാല് മൊബൈൽ ക്ലിനിക്കുകൾ വിന്യസിച്ചു. ദുരന്തബാധിതർക്ക് അടിയന്തര വൈദ്യസഹായത്തിനുപുറമെ, മാനസിക പിന്തുണയും ക്ലിനിക്കുകളിൽനിന്ന് ലഭിക്കും.
മിഷന്റെ ഫീൽഡ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ സിറിയയിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ജനറൽ സർജറി, എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഒഫ്താൽമോളജി, അനസ്തേഷ്യ, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളിൽ ദുരന്തബാധിതർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനും ആശുപത്രികൾക്കും ആരോഗ്യകേന്ദ്രങ്ങൾക്കും പിന്തുണ നൽകുന്നതിനുമായി ദോഹയിൽ നിന്ന് വടക്കൻ സിറിയയിലേക്ക് സ്പെഷലിസ്റ്റ് മെഡിക്കൽ പ്രഫഷനലുകളെ എത്തിക്കാനും ക്യൂ.ആർ.സി.എസ് പദ്ധതിയിടുന്നുണ്ട്.
മാനുഷിക സഹായവുമായി ഖത്തർ ചാരിറ്റി
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പം ബാധിച്ച വിവിധ മേഖലകളിൽ മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് ഖത്തർ ചാരിറ്റി (ക്യു.സി) അറിയിച്ചു. ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര മാനുഷിക ആവശ്യങ്ങൾ, വ്യക്തിഗത ശുചിത്വത്തിനുള്ള വസ്തുക്കൾ, മറ്റ് ദുരിതാശ്വാസ ആവശ്യങ്ങൾ എന്നിവക്കുള്ള സഹായമെത്തിക്കുന്നത് തുടരും.
തുർക്കിയയിലെയും വടക്കൻ സിറിയയിലെയും ഭൂകമ്പ ബാധിതരെ രക്ഷിക്കുക എന്ന കാമ്പയിന്റെ സഹായത്തോടെ ദുരിതമനുഭവിക്കുന്നവർക്ക് 45,000 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്നത് തുടരുന്നുണ്ടെന്ന് ക്യു.സി ബുധനാഴ്ച പ്രസ്താവനയിൽ അറിയിച്ചു. വടക്കൻ സിറിയയിലെ അസാസ്, അഫ്രിൻ എന്നിവിടങ്ങളിൽ റെഡി-ടു-ഈറ്റ് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 6,500 പാഴ്സലുകൾ, കൂടാതെ തുർക്കിയിലെ ഗാസിയാൻടെപ്പിലും ഉർഫയിലും ഒരു മാസത്തേക്ക് കുടുംബങ്ങൾക്ക് ആവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ അടങ്ങിയ 1,600 ഭക്ഷണ കൊട്ടകൾ എന്നിവ വിതരണം ചെയ്യുന്നുണ്ട്. ഇതിനുപുറമെ തുർക്കിയയിൽ പ്രതിദിനം 15,000 കെട്ട് ബ്രെഡും എത്തിക്കുന്നു.
ഖത്തർ അനുവദിച്ച എയർ ബ്രിഡ്ജ് വഴി ദോഹയിൽനിന്ന് നാലു ട്രക്കുകൾ അടങ്ങുന്ന ദുരിതാശ്വാസ വാഹനവ്യൂഹം 13 ടൺ ഭക്ഷ്യവസ്തുക്കളും 4,000ത്തോളം പുതപ്പുകളും കയറ്റി അയച്ചു. 5,00,000 ഖത്തർ റിയാൽ മൂല്യമുള്ള വൈദ്യസഹായം, പ്രഥമശുശ്രൂഷ, വസ്ത്രങ്ങൾ, ഈത്തപ്പഴം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ സഹായം കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.
21.9 ദശലക്ഷം ഖത്തർ റിയാൽ മൂല്യമുള്ള പദ്ധതിയനുസരിച്ചാണ് നിലവിൽ പ്രവർത്തനങ്ങളെന്ന് ക്യു.സി വിശദീകരിച്ചു. 14.6 ദശലക്ഷം റിയാലിന്റെ പുനർനിർമാണ പ്രവർത്തനങ്ങളും അടിയന്തര സഹായമൊരുക്കുന്നതിന് 7.3 ദശലക്ഷം ഖത്തർ റിയാൽ മൂല്യമുള്ള അടിയന്തര പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.