ഖത്തർ ചാരിറ്റി ബലിമാംസം വിതരണം ചെയ്തത് 23 രാജ്യങ്ങളിൽ
text_fieldsദോഹ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഖത്തർ ചാരിറ്റി ബലി മാംസം വിതരണം ചെയ്തത് 23 രാജ്യങ്ങളിൽ. ഒമ്പത് ലക്ഷത്തിലധികം പേർക്കാണ് ഖത്തർ ചാരിറ്റിയുടെ പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചിരിക്കുന്നത്. ആട്, മാട് എന്നിവയടക്കം 26000ത്തോളം മൃഗങ്ങളാണ് ബലിപെരുന്നാൾ ദിനങ്ങളിൽ അറുക്കപ്പെട്ടത്. 20 മില്യൻ റിയാലാണ് ഖത്തർ ചാരിറ്റി ഖുർബാനി പദ്ധതിക്കായി ചെലവഴിച്ചത്.
ദുൽ ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളിലായി 12000 ലധികം അനാഥകളെ സന്ദർശിക്കാനും ഖത്തർ ചാരിറ്റി അധികൃതർക്കായി. പെരുന്നാളിനായുള്ള പുതുവസ്ത്രങ്ങളും പെരുന്നാൾ സമ്മാനങ്ങളും ഇവർക്ക് വിതരണം ചെയ്യുകയും ചെയ്തു. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, അഭയാർഥികൾ, വീടും നാടും നഷ്ടപ്പെട്ടവർ, ഖത്തർ ചാരിറ്റിയുടെ കീഴിലുള്ള അനാഥകൾ, ഭിന്നശേഷിക്കാർ, തൊഴിലാളികൾ, തൊഴിലില്ലാതെ കഷ്ടപ്പെടുന്നവർ എന്നിവരിലാണ് കുർബാനി പദ്ധതി പൂർണമായും കേന്ദ്രീകരിച്ചത്.
ഫലസ്തീൻ, സോമാലിയ, തുണീഷ്യ, മൊറോക്കോ, ലബനാൻ, സുഡാൻ, കെനിയ, മാലി, ബംഗ്ലാദേശ്, ബെനിൻ, ശ്രീലങ്ക, നൈജീരിയ, ബുർകിനാഫാസോ, പാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഇന്തോനേഷ്യ, കൊസോവോ, അൽബേനിയ, ബോസ്നിയ, ഘാന, തുർക്കി, ജോർദാൻ, എത്യോപ്യ, ഗാംബിയ, ചാഡ്, സെനഗൽ തുടങ്ങി ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലാണ് കുർബാനി പദ്ധതി നടപ്പിലാക്കിയത്. ഓരോ രാജ്യത്തെയും ഖത്തർ ചാരിറ്റിയുടെ ഫീൽഡ് ഓഫീസ്, പ്രാദേശിക പങ്കാളികൾ വഴിയാണ് ബലിമാംസ വിതരണം നടത്തിയത്. കുർബാനി പദ്ധതിക്കായി സാമ്പത്തിക പിന്തുണ നൽകിയ മുഴുവൻ ആളുകൾക്കും ഖത്തർ ചാരിറ്റി എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ് പ്രത്യേക നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.