ഖത്തർ ചാരിറ്റി സുഡാൻ സഹായ കാമ്പയിൻ ആരംഭിച്ചു
text_fieldsദോഹ: സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ ദുരിതം അനുഭവിക്കുന്നവരെയും അഭയാർഥികളെയും സഹായിക്കാൻ ഖത്തർ ചാരിറ്റി ധനസമാഹരണ കാമ്പയിൻ ആരംഭിച്ചു. പത്തുലക്ഷത്തോളം ആളുകൾക്ക് ഭക്ഷണം, ശുദ്ധജലം, ശുചീകരണ സൗകര്യം, മരുന്ന്, ചികിത്സ ഉപകരണങ്ങൾ, താൽക്കാലിക തമ്പ് ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
അഞ്ചര ലക്ഷം ഭക്ഷ്യക്കിറ്റുകൾ എത്തിക്കും. കുടുംബത്തിന് ഏതാനും ആഴ്ച കഴിക്കാൻ ആവശ്യമായ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റാണ് ലഭ്യമാക്കുക. അഭയാർഥികളായ നിരവധി കുട്ടികളും കുടുംബങ്ങളും പട്ടിണിയിലാണ്. നാലുലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കും. സുഡാന്റെ പല മേഖലകളിലും ശുദ്ധജല ക്ഷാമമുണ്ട്.
പകർച്ചവ്യാധികൾ തടയാൻ ലക്ഷ്യമിട്ട് രണ്ടുലക്ഷം പേർക്ക് താൽക്കാലിക ശുചീകരണ സൗകര്യമൊരുക്കും. അഭയാർഥികൾക്ക് താമസിക്കാൻ രണ്ടര ലക്ഷം താൽക്കാലിക തമ്പ് നിർമിക്കാനും ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നു. ഖത്തർ ചാരിറ്റിയുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ സംഭാവന നൽകാൻ അധികൃതർ രാജ്യനിവാസികളോട് അഭ്യർഥിച്ചു.
സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ 1.1 കോടി മനുഷ്യർ ആഭ്യന്തര അഭയാർഥികളായി. 20 ലക്ഷത്തോളംപേർ അയൽ രാജ്യങ്ങളിലും അഭയംതേടി. സംഘർഷം തുടരുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ 1.7 കോടി ആളുകൾ അഭയാർഥികളാകാൻ നിർബന്ധിതരാകുമെന്നാണ് വിലയിരുത്തൽ. 46 ലക്ഷത്തിലേറെ ആളുകൾ രാജ്യത്ത് പട്ടിണി അനുഭവിക്കുന്നതായാണ് ഐക്യരാഷ്ട്ര സഭ ഏജൻസിയുടെ കണക്ക്.
ഖത്തർ റെഡ്ക്രെസന്റും ക്യു.എഫ്.എഫ്.ഡിയും ഫീൽഡ് സന്ദർശനം നടത്തി
ദോഹ: ദക്ഷിണ സുഡാനിലെ മാനുഷിക സഹായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റും ഖത്തർ റെഡ്ക്രെസന്റ് സൊസൈറ്റിയും പ്രതിനിധിസംഘത്തെ അയച്ചു.
കഴിഞ്ഞ ഫെബ്രുവരി 18ന് ഒപ്പുവെച്ച കരാർ അനുസരിച്ചുള്ള സഹായപദ്ധതിയുടെ പുരോഗതി വിലയിരുത്താനായിരുന്നു സന്ദർശനം. മഴക്കെടുതിയും വെള്ളപ്പൊക്കവും കാരണം ദുരിതം അനുഭവിക്കുന്നവർക്കായാണ് 23.4 ലക്ഷം ഡോളറിന്റെ സഹായപദ്ധതി പ്രഖ്യാപിച്ചത്. ക്യു.എഫ്.എഫ്.ഡിയിലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് എമർജൻസി റിലീഫ് മേധാവി യൂസഫ് അൽ മുല്ല പ്രതിനിധിസംഘത്തെ നയിച്ചു.
വെള്ളപ്പൊക്കത്തിൽ വീടുവിട്ടു പോയവരെ കുടുംബത്തിൽ പുനരധിവസിപ്പിക്കുന്ന പ്രവർത്തനമാണ് പ്രധാനമായി നടത്തുന്നത്. വീട്ടുപകരണങ്ങൾ, ഭക്ഷണ സാധനങ്ങൾ, പാത്രങ്ങൾ, പച്ചക്കറി വിത്തുകൾ, തോട്ടം പരിപാലന ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നു. 6,822 കുട്ടികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആരോഗ്യ പരിപാലന സേവനങ്ങൾ നൽകി. 2300 കുടുംബങ്ങളിലെ 13,800 അഭയാർഥികൾക്ക് അടിയന്തര ഭക്ഷണസഹായം ലഭ്യമാക്കി. 24,000 പേർക്ക് പ്രയോജനപ്പെടുന്ന കുടിവെള്ളപദ്ധതികളും സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.