പ്രളയബാധിതർക്ക് കൈത്താങ്ങാകാൻ കാമ്പയിനുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: യമൻ, മാലി, സുഡാൻ, നൈജർ എന്നിവിടങ്ങളിലെ പ്രളയബാധിതരായ ജനങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി കാമ്പയിനുമായി ഖത്തർ ചാരിറ്റി. ആവശ്യമായ സഹായങ്ങളെത്തിച്ച് ദുരിതത്തിൽനിന്നും കരകയറ്റാൻ ‘പ്രളയബാധിതരെ രക്ഷിക്കുക’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ ആരംഭിക്കുന്നത്. കടുത്ത വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് അവശ്യ സഹായം ഉറപ്പാക്കുന്നതിന് ജീവകാരുണ്യ രംഗത്തെ ഉദാരമതികളെയും അഭ്യുദയകാംക്ഷികളെയും അണിനിരത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ഭക്ഷ്യസുരക്ഷ, പാർപ്പിടം, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹായമെത്തിക്കുന്നതിന് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് താൽക്കാലിക പാർപ്പിടം, മെത്തകൾ, പുതപ്പുകൾ, വ്യക്തിഗത ശുചിത്വ കിറ്റുകൾ എന്നിവയും, ദുരിതബാധിതരായ വീടുകൾക്ക് റെഡി-ടു ഈറ്റ് ഭക്ഷണവും കിറ്റുകളും ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. കുട്ടികളുടെ പോഷകാഹാരത്തിനും ഗർഭിണികളുടെ ഭക്ഷണ ആവശ്യങ്ങൾക്കും പ്രത്യേക പദ്ധതികളും നടപ്പാക്കും.
ദുരിതബാധിതർക്ക് ചികിത്സയും പ്രാദേശിക ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ആശുപത്രികൾക്ക് ആംബുലൻസുകൾ, മൊബൈൽ ക്ലിനിക്കുകൾ, പ്രാഥമികാരോഗ്യ സേവനങ്ങൾ, അവശ്യ ജീവൻരക്ഷ മരുന്നുകൾ എന്നിവ വിതരണം ചെയ്യും. പ്രളയത്തിൽ തകർന്ന ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും കാമ്പയിന് കീഴിൽ പുനഃസ്ഥാപിക്കും.
പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്കൂളുകൾ പുനഃസ്ഥാപിക്കുന്നതിനും വിദ്യാർഥികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ നൽകുന്നതിനും നേതൃത്വം നൽകും. കാലാവസ്ഥ വ്യതിയാനത്തിന്റെ വർധിച്ചുവരുന്ന ആഘാതമാണ് ഇത്തരം മേഖലകളിലെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതെന്ന് ഖത്തർ ചാരിറ്റി അധികൃതർ വ്യക്തമാക്കി. നൂറുകണക്കിനാളുകൾക്കാണ് വിവിധ ഇടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർ പലായനം ചെയ്തു. വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.