കെനിയയിൽ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ഖത്തർ ചാരിറ്റി. വിവിധ സേവനങ്ങൾ ഉറപ്പാക്കുന്ന കേന്ദ്രം ടാന റിവർ കൺട്രി മേഖലയിലെ മിൻജിലയിൽ പ്രവർത്തനമാരംഭിച്ചു. ഏഴായിരത്തിലധികം ഗുണഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. മഴക്കാലത്ത് നിരന്തരം പ്രളയഭീഷണി നേരിടുന്ന, ദരിദ്ര ഗ്രാമങ്ങൾക്കടുത്താണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നതിനാൽതന്നെ വലിയ പ്രധാന്യമാണ് ഖത്തർ ചാരിറ്റി കേന്ദ്രത്തിനുള്ളത്.
പ്രദേശത്തും സമീപപ്രദേശത്തുമുള്ളവർക്ക് വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങൾ കേന്ദ്രം വഴി നൽകുമെന്നും പ്രദേശത്തെ സാമൂഹിക വികസനത്തിന് ഇതു കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെനിയയിലെ ഖത്തർ ചാരിറ്റി ഓഫിസ് മേധാവി അബ്ദുലാഹി ഹസൻ ഗോലോ പറഞ്ഞു.
ബഹുമുഖ സേവനങ്ങളുമായി ബന്ധപ്പെട്ട് മേഖലയിലെതന്നെ പ്രഥമ കേന്ദ്രമാണിത്. ഖത്തർ ചാരിറ്റി സ്പോൺസർ ചെയ്ത മേഖലയിലെ ദരിദ്രർ, കുറഞ്ഞ വരുമാനക്കാർ, അനാഥകൾ തുടങ്ങിയവർക്ക് സമഗ്രമായ വിദ്യാഭ്യാസ, സാമൂഹിക, വികസന, സാമൂഹിക സേവനങ്ങളാണ് കേന്ദ്രം നൽകുക. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിലും കേന്ദ്രം വലിയ പങ്കു വഹിക്കും. കൂടാതെ, പൊതുജനാരോഗ്യ സേവന മേഖലയിലും കേന്ദ്രത്തിെൻറ പ്രവർത്തനം പ്രദേശത്തുള്ളവർക്ക് ഏറെ ആശ്വാസകരമാകും.
ആറ് ക്ലാസ് റൂമുകളുള്ള എലമെൻററി സ്കൂൾ, ടീച്ചേഴ്സ് ഹാൾ, അഡ്മിനിസ്േട്രറ്റിവ് ഓഫിസ്, ക്ലിനിക്, പള്ളി, ഖുർആൻ ഹിഫ്ള് കേന്ദ്രം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് കേന്ദ്രം. കെനിയയിലെ സാമൂഹിക സേവന മേഖലയിൽ വളർച്ച ലക്ഷ്യമിട്ടുള്ള ഖത്തർ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഖത്തർ ജനതക്കും ഖത്തറിനും നന്ദി പറയുന്നുവെന്ന് ടാന റിവർ കൺട്രി കമീഷണർ പോൾ കരിസ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
കെനിയൻ പൊതുജനാരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള പ്രതിനിധി ഡേവിഡ് കമോരു ദൊമേരി, വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി ഫൈസൽ ഒബോ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.