യമനിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: യമനിലെ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവിതരണം തുടർന്ന് ഖത്തർ ചാരിറ്റി. വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് പ്രവിശ്യകളായ ഹെയ്സിലെയും അൽ ഖൗഖയിലെയും പ്രളയബാധിതരായ കുടുംബങ്ങൾക്കായി ഖത്തർ ചാരിറ്റി 650 ഭക്ഷണ കിറ്റുകളും 650 ഷെൽട്ടർ കിറ്റുകളും വിതരണം ചെയ്തു.
‘പ്രളയബാധിതർക്കുള്ള സഹായം’ എന്ന കാമ്പയിന് കീഴിലാണ് യമനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.നേരത്തേ മആരിബ് പ്രവിശ്യയിൽ 500 ഭക്ഷണ കിറ്റുകളും ഷെൽട്ടർ കിറ്റുകളും ഖത്തർ ചാരിറ്റി വിതരണം ചെയ്തിരുന്നു. ബ്ലാങ്കറ്റുകൾ, കിടക്കകൾ, പായ, അടുക്കള പാത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഷെൽട്ടർ കിറ്റ്.
ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ അവശ്യസാധനങ്ങൾ അടങ്ങിയതാണ് ഭക്ഷണ കിറ്റ്.ഖത്തറിൽനിന്നുള്ള ഉദാരമതികളും അഭ്യുദയകാംക്ഷികളും നടത്തുന്ന ആത്മാർഥമായ പരിശ്രമങ്ങൾക്ക് ഹെയ്സ് പ്രവിശ്യാ മേധാവി മുത്തഹർ ഖാദി നന്ദി അറിയിച്ചു.
ഭക്ഷണ കിറ്റുകളും ഷെൽട്ടർ കിറ്റുകളും വിതരണംചെയ്യുന്നതിൽ ഖത്തർ ചാരിറ്റിയെ അദ്ദേഹം പ്രശംസിക്കുകയുംചെയ്തു.ഖത്തർ ചാരിറ്റിയുടെ സഹായം പ്രളയബാധിതരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചതായും ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഖത്തർ ചാരിറ്റിയുടെ പ്രാദേശിക പങ്കാളികളായ ഹ്യൂമാനിറ്റേറിയൻ ഡെവലപ്മെന്റ് പ്രോഗ്രാമിൽനിന്നുള്ള എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.