അവികസിത രാഷ്ട്രങ്ങളെ പിന്തുണക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധം –ലുൽവ അൽ ഖാതിർ
text_fieldsദോഹ: അവികസിത രാഷ്ട്രങ്ങളുടെ പുരോഗതിക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും പിന്തുണ നൽകാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം ഔദ്യോഗിക വക്താവുമായ ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ. ദോഹയിൽ ഹൈലെവൽ പൊളിറ്റിക്കൽ ഫോറം 2021െൻറ ഭാഗമായി നടന്ന വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
അവികസിത രാജ്യങ്ങൾക്കായുള്ള യു.എൻ സമ്മേളനം ദോഹയിൽ നടക്കാനിരിക്കെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു. 2030ഓടെ അവികസിത രാഷ്ട്രങ്ങൾക്കും വികസനം കുറഞ്ഞ രാഷ്ട്രങ്ങൾക്കും മുന്നിലുള്ള പ്രതിബന്ധങ്ങളും പ്രതിസന്ധികളും മറികടക്കാനുള്ള മാർഗനിർദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് യു.എൻ സമ്മേളനമെന്നും എല്ല സുസ്ഥിര വികസന ലക്ഷ്യങ്ങളും സാക്ഷാത്കരിക്കുന്നതിന് അവർക്ക് പിന്തുണ ഉറപ്പുനൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അൽ ഖാതിർ കൂട്ടിച്ചേർത്തു.
അവികസിത രാഷ്ട്രങ്ങളിലെ ദാരിദ്യ്രത്തെ തുടച്ചുനീക്കാനും അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനും വിശപ്പിനെതിരെ പോരാടാനും ഐക്യരാഷ്്ട്ര സഭയുടെ 2030 സുസ്ഥിര വികസന അജണ്ട ലക്ഷ്യംകാണുന്നതിനുമുള്ള പോരാട്ടഭൂമികയാണ് ഈ രാജ്യങ്ങളെന്നും അവർ ചൂണ്ടിക്കാട്ടി.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളും വെല്ലുവിളികളും എല്ലാവരും നേരിട്ടനുഭവിച്ചവരാണ്. പ്രതിസന്ധികൾക്ക് അതിർത്തികളില്ലെന്നത് യാഥാർഥ്യമാണ്. നാളേക്കുവേണ്ടി ഓരോരുത്തരും ഇന്നുതന്നെ തയാറെടുക്കേണ്ടതുണ്ട്. ദീർഘകാലമായുള്ള വികസന വെല്ലുവിളികൾ മറികടക്കാൻ എല്ലാവരും ഒരുമിച്ച് മുന്നോട്ടുവരേണ്ടിയിരിക്കുന്നു. അവികസിത രാജ്യങ്ങളുടെ സർവതോമുഖമായ വളർച്ചയും പുരോഗതിയും നമ്മുടെ മുഖ്യ പരിഗണനയിലുണ്ടായിരിക്കണം. വികസിത രാജ്യങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദേശകാര്യ സഹമന്ത്രി വിശദീകരിച്ചു.
അവികസിത രാഷ്ട്രങ്ങളിലും വികസ്വര രാഷ്ട്രങ്ങളിലും സുസ്ഥിര വികസനവും സാമൂഹിക പുരോഗതിയും ഉയർത്തിക്കൊണ്ടുവരുന്നതിന് വികസിത രാഷ്ട്രങ്ങൾക്ക് കഴിയുമെന്നും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ എല്ലാ മനുഷ്യർക്കും പ്രയോജനം ലഭിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.