ഫലസ്തീൻ ഭവനങ്ങൾ തകർക്കൽ: ഖത്തർ അപലപിച്ചു
text_fieldsദോഹ: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനികളുടെ ഭവനങ്ങൾ തകർത്തതിനെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീനികളെ നാടുകടത്താൻ ലക്ഷ്യംവെച്ചുള്ള നടപടിയാണിത്. അന്താരാഷ്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണിതെന്നും തീർത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ഖത്തർ വ്യക്തമാക്കി.ഇസ്രായേൽ അതിക്രമങ്ങളിൽനിന്ന് ഫലസ്തീൻ ജനതയുടെ സംരക്ഷണം ഉറപ്പുവരുത്താൻ അന്താരാഷ്ട്ര ജനത മുന്നോട്ടുവരണം.
കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.ഫലസ്തീൻ ജനതക്ക് പിന്തുണ നൽകുന്ന നിലപാടിൽനിന്ന് ഖത്തർ പിറകോട്ടില്ല. 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ഖുദ്സ് തലസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ എപ്പോഴും പിന്തുണക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
ഇസ്രായേൽ അധിനിവേശ കേന്ദ്രങ്ങളിൽ ഫലസ്തീനികളുടെ വീടുകളും തമ്പുകളും ബുൾഡോസറുകളും വലിയ ഉപകരണങ്ങളും ഉപയോഗിച്ച് തകർത്തതായി കഴിഞ്ഞദിവസം അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.ഫലസ്തീനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം ഇല്ലെന്ന് ഖത്തർ ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അയൽരാജ്യങ്ങളുമായി ഖത്തർ ചേരില്ലെന്നും വിദേശകാര്യ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞിരുന്നു.
കാര്യങ്ങൾ സാധാരണ നിലയിൽ ആവുക എന്നതല്ല ഫലസ്തീൻ പ്രശ്നപരിഹാരം. ഫലസ്തീനികൾ നിലവിൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. രാജ്യമില്ലാത്ത ജനങ്ങളാണവർ. അവർ ജീവിക്കുന്നത് അധിനിവേശത്തിനു കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും വിദേശകാര്യ സഹമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ജറൂസലം ആസ്ഥാനമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നുള്ളതുമാണ് ഖത്തറിെൻറ എക്കാലത്തെയും നിലപാട്. സുരക്ഷ സമിതി പ്രമേയങ്ങൾ അനുസരിച്ചും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുമായിരിക്കണം ഇത്. ഫലസ്തീനിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവർക്കും തിരികെയെത്താനും സാധിക്കണം. 70 വർഷത്തിലധികമായി തുടരുന്ന പ്രതിസന്ധിക്ക് സുസ്ഥിര പരിഹാരം കാണുന്നതിന് ഖത്തർ കാണുന്ന മാർഗമിതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.