ജമൈക്കക്കെതിരായ വിജയത്തിൽ ആത്മവിശ്വാസത്തോടെ ഖത്തർ
text_fieldsദോഹ: ഗോൾഡ് കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ജമൈക്കക്കെതിരായ ഖത്തറിന്റെ വിജയം മനോവീര്യം പകർന്നെന്ന് ദേശീയ ടീം പരിശീലകൻ കാർലോസ് ക്വിറോസ്. ‘യുവതാരങ്ങൾക്ക് പുതിയ ആത്മവിശ്വാസം പകരുന്നതാണ് ടീമിന്റെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജമൈക്കയെ പരാജയപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ട്. യുവതാരങ്ങളുടെ പ്രകടനത്തിൽ ഏറെ സന്തുഷ്ടനാണ്’- ക്വിറോസ് വ്യക്തമാക്കി. ജൂൺ 24 മുതൽ ജൂലൈ 16 വരെ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിനായുള്ള തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ ടീം നിലവിൽ ഓസ്ട്രിയയിൽ പരിശീലനത്തിലാണ്.
ടീമിനെ സംബന്ധിച്ച് ഗോൾഡ് കപ്പ് ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റാണെന്നും താരങ്ങളെ ശാരീരികവും സാങ്കേതികവും തന്ത്രപരവുമായ എല്ലാ വശങ്ങളിലും സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും നിലവിലെ പരിശീലനക്യാമ്പ് ആസൂത്രണം ചെയ്തത് പ്രകാരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ക്വിറോസ് വിശദീകരിച്ചു. ജമൈക്കക്കെതിരായ വിജയം ടീമിനും സ്റ്റാഫിനും പ്രത്യേകിച്ച് യുവതാരങ്ങൾക്കും മനോവീര്യം നൽകുന്നതാണെന്ന് നിസ്സംശയം പറയാം. ക്യാമ്പ് അവസാനിച്ചതിനു ശേഷം ഗോൾഡ് കപ്പിലേക്കുള്ള ടീമംഗങ്ങളുടെ അന്തിമപട്ടിക പുറത്തുവിടുമെന്നും ക്യാമ്പ് അവസാനിക്കാൻ ഇനിയും ഒരാഴ്ച മുന്നിലുള്ളതിനാൽ കൂടുതൽ തയാറെടുക്കാൻ മതിയായ സമയമുണ്ടെന്നും ക്വിറോസ് വ്യക്തമാക്കി.
പരിശീലന സെഷനുകളിൽ താരങ്ങൾ അർപ്പണബോധത്തോടെയാണ് പ്രകടനം നടത്തുന്നതെന്നും ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് അവർ പുറത്തെടുത്തതെന്നും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ യുവതാരങ്ങളെല്ലാം പ്രതീക്ഷിച്ചതിലപ്പുറം പ്രകടനമാണ് കാഴ്ചവെച്ചതെന്നും താരങ്ങളെ പ്രശംസിച്ച് ഖത്തറിന്റെ പോർച്ചുഗീസ് പരിശീലകൻ പറഞ്ഞു.
ഏഷ്യൻ കപ്പിൽ മത്സരിക്കുക, 2026 ലോകകപ്പിന് യോഗ്യത നേടുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഒരു മികച്ച ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. കൂടുതൽ വിജയങ്ങൾ നേടാൻ തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ഒരു സംഘം അനിവാര്യമാണ്. ക്വിറോസിന് കീഴിൽ ഖത്തറിന്റെ ആദ്യ വിജയമാണ് ജമൈക്കക്കെതിരെ നേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.