ഖത്തറിൽ കോവിഡ് കുത്തിവെപ്പിന് ഇനി എല്ലാവർക്കും പേര് നൽകാം
text_fieldsദോഹ: കോവിഡ് കുത്തിവെപ്പിനായി ഇനി മുതൽ രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താം. ഇതിനുള്ള സൗകര്യം പൊതുജനാരോഗ്യമന്ത്രാലയം ഏർപ്പെടുത്തി. ഇതിലൂടെ പൗരൻമാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിൻെറ വെബ്സൈറ്റിലെ https://app covid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ് വേർഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേർഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/self service/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ്ചെയ്യാനുമാകും.
ജനുവരി 17 മുതൽ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. നിലവിൽ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ ഗണത്തിൽപെടുന്നവർക്ക് കുത്തിവെപ്പെടുക്കാനായി ഓൺലൈനിൽ അപ്പോയിൻറ്മെൻറ് എടുക്കാം. 60 വയസും അതിന് മുകളിലും പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് നിലവിൽ രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഈ ഗണത്തിൽപെടാത്തവർക്കും ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ ഇനിമുതൽ കോവിഡ് കുത്തിവെപ്പെടുക്കാനുള്ള തങ്ങളുെട സന്നദ്ധത അറിയിക്കാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പേര് വിവരം ആരോഗ്യമന്ത്രാലയം സൂക്ഷിക്കും. ഇവർ യോഗ്യരായവരുടെ കൂട്ടത്തിൽ ഉൾെപ്പടുന്ന മുറക്ക് ഇവർക്ക് കോവിഡ് കുത്തിവെപ്പ് എടുക്കാനുള്ള അറിയിപ്പ് ആശുപത്രിയിൽ നിന്ന് വരികയും ചെയ്യും.
നിലവിൽ 27 ഹെൽത് സെൻററുകളിലും കോവിഡ് വാക്സിൻ കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരൻമാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. നിലവിൽ ഫൈസർ ബയോൻടെക് വാകസ്ിനാണ് നൽകുന്നത്. മൊഡേണ കമ്പനിയുടെ വാക്സിൻ കൂടി അടുത്ത ദിവസം രാജ്യത്തെത്തും.
60 വയസുകാർക്കും കുത്തിവെപ്പെടുക്കാം
കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി ആരോഗ്യമന്ത്രാലയം പുതുക്കി. ഇനി 60 വയസിനും അതിന് മുകളിലും പ്രായമുള്ളവർക്ക് കോവിഡ് കുത്തിവെപ്പെടുക്കം. നിലവിൽ 65 വയസായിരുന്നു പ്രായപരിധി.
നിലവിൽ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണനയുള്ള വിഭാഗക്കാരുടെ പട്ടിക പുതുക്കുന്ന സമയത്ത് ഗവൺമെൻറ് സ് കോളർഷിപ്പുള്ള വിദ്യാർഥികൾക്കായിരിക്കും പ്രഥമപരിഗണനയെന്ന് കോവിഡ് ദേശീയ ആരോഗ്യ പരിപാടിയുടെ തലവൻ ഡോ. അബ്ദുല്ലത്തീഫ് അൽഖാൽ പറഞ്ഞു. ഇത്തരം വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്ക് വിദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ അവരുടെ വിദേശയാത്രകൾക്കും പഠനത്തിനും തടസം ഉണ്ടാകുന്ന അവസ്ഥ മാറുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50ന് മുകളിലുള്ളവരും
കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50 വയസിന് മുകളിൽ പ്രായമുള്ളവരും. ആദ്യഗ്രൂപ്പിൽ 60 വയസും മുകളിലുമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥർ, ദീർഘകാലരോഗമുള്ളവർ എന്നിവരാണ് ഉൾെപ്പട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.