കലാവിരുന്നുമായി ഖത്തർ ക്രിയേറ്റ്സ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനു പിന്നാലെ തിരക്കൊഴിഞ്ഞ ഖത്തറിൽ പുതുമയേറിയ വൈവിധ്യമാർന്ന പരിപാടികളുമായി ഖത്തർ ക്രിയേറ്റ്സ്. മാർച്ച് 10 മുതൽ 18 വരെ ഒരാഴ്ച നീളുന്ന പരിപാടികൾക്ക് തുടക്കംകുറിക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കല എക്സിബിഷൻ, ഫിലിം പ്രദർശനം, ചിത്രപ്രദർശനം ഉൾപ്പെടെ പരിപാടികൾ വിവിധ വേദികളിൽ അരങ്ങേറും.
ഖത്തറിന്റെ സാംസ്കാരിക വൈവിധ്യവും മികവും ആഘോഷിക്കുകയും പ്രാദേശിക-അന്തർദേശീയ വിഷയങ്ങളിൽ കലാപ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഖത്തർ ക്രിയേറ്റ്സ് മാർച്ച്, ഏപ്രിൽ മാസങ്ങളിലായി പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു.
ഒരാഴ്ച നീളുന്ന പരിപാടിയുടെ ഭാഗമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഖത്തരി സിനിമ പ്രദർശനം നടക്കും. പ്രദേശിക, അന്തർദേശീയ ഫോട്ടോഗ്രാഫർമാരെ ഉൾപ്പെടുത്തി ‘തസ്വീർ’ ഫോട്ടോ ഫെസ്റ്റിവൽ, പ്രശസ്ത കലാകാരി ഒലാഫുർ എലിയാസണിന്റെ സോളോ എക്സിബിഷൻ തുടങ്ങിയവ അരങ്ങേറും.
മാർച്ച് 15 മുതൽ 20 വരെയാണ് തസ്വീർ ഫോട്ടോ ഫെസ്റ്റിവൽ. പ്രദർശനം, അവാർഡ് പ്രഖ്യാപനം, കമീഷൻ, അവതരണം, ശിൽപശാല ഉൾപ്പെടെയാണ് രാജ്യാന്തര പ്രശസ്തരുടെ പങ്കാളിത്തമുള്ള തസ്വീർ അരങ്ങേറുന്നത്. ബൈറൂത്തിന്റെ കഥ പറയുന്ന ‘ബൈറൂത് ആൻഡ് ദ ഗോൾഡൻ സിക്സ്റ്റീസ്’ അരങ്ങിലെത്തും. 1958ലെ ലബനൻ പ്രതിസന്ധി മുതൽ 1975 ലബനൻ ആഭ്യന്തരയുദ്ധം വരെ നീളുന്ന, ബെയ്റൂത്തിലെ ആധുനികതയുടെ വികാസത്തിലെ പ്രക്ഷുബ്ധ കാലം വരച്ചിടുന്നതാണ് അന്താരാഷ്ട്ര ശ്രദ്ധേയമായ പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.