വിദഗ്ധ തൊഴിലാളികൾ ഖത്തറിന്റെ ലക്ഷ്യം -തൊഴിൽ മന്ത്രി
text_fieldsദോഹ: വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിലാണ് രാജ്യം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർറി. ഖത്തറിന്റെ വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന് വിദഗ്ധ തൊഴിൽ മേഖലകളിലേക്കുള്ള മനുഷ്യവിഭവം ആകർഷിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള ഖത്തറിന്റെ മൂന്നാമത് ദേശീയ വികസനപദ്ധതിയും അദ്ദേഹം വിശദീകരിച്ചു. ഗൾഫും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ നീക്കം സംബന്ധിച്ച് ദോഹ ഡയലോഗ് മന്ത്രിതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
33 രാജ്യങ്ങളിൽനിന്നുള്ള തൊഴിൽ മന്ത്രിമാർ, ആഫ്രിക്കൻ കമീഷൻ പ്രതിനിധികൾ, ജി.സി.സി തൊഴിൽ മന്ത്രിമാരുടെ എക്സിക്യൂട്ടിവ് കൗൺസിൽ, അന്താരാഷ്ട്ര സംഘടനകൾ എന്നിവർ പങ്കെടുത്തു. സാങ്കേതിക മുന്നേറ്റങ്ങളുമായി ഒത്തുചേർന്ന് ഉൽപാദനപരവും നൂതനവുമായ ഒരു സാമ്പത്തിക വ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന മെച്ചപ്പെട്ട ഒരു തൊഴിൽ വിപണിയാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും ഡോ. അൽ മർറി ചൂണ്ടിക്കാട്ടി.
കുടിയേറ്റ തൊഴിലാളികളുടെ അന്താരാഷ്ട്ര, പ്രാദേശിക താൽപര്യങ്ങളോടുള്ള ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ദോഹ ഡയലോഗ് സംരംഭമെന്നും മന്ത്രി സൂചിപ്പിച്ചു. പരസ്പര നേട്ടങ്ങൾക്കും തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ വർധിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താപ സമ്മർദത്തിൽനിന്നുള്ള തൊഴിലാളികളുടെ സംരക്ഷണം, തൊഴിൽ പരിശോധന നയം സ്വീകരിക്കൽ, ജോലിയിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച നയം എന്നിവ സംബന്ധിച്ച പുതിയ മന്ത്രിതല ഉത്തരവ് ഇതിലുൾപ്പെടും. ജി.സി.സി രാജ്യങ്ങൾ ജോർഡൻ, ലബനാൻ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനത്തിനും യോഗം സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.